ഈ മാസം 13020 പട്ടയം കൂടി വിതരണം ചെയ്യും

സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സാധാരണക്കാരായ ഒന്നരലക്ഷത്തിലധികം പേരുടെ സ്വപ്നങ്ങൾക്കാണ് ഈ സർക്കാർ ചിറകു വിരിയിച്ചത്. അധികാരത്തിലേറി അഞ്ച് വർഷം പൂർത്തീകരിക്കാനൊരുങ്ങുമ്പോൾ സർക്കാർ വിതരണം ചെയ്തത് 1,63,691 പട്ടയം. പതിനാല് ജില്ലകളിലായി 13020 പട്ടയങ്ങൾ വിതരണത്തിന് തയ്യാറായിട്ടുണ്ട്. ഈ മാസം ഇവ വിതരണം ചെയ്യുന്നതോടെ 1,76,711 പട്ടയങ്ങളുടെ വിതരണം പൂർത്തിയാകും.

ഇതുവരെ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് തൃശൂർ ജില്ലയിലാണ്, 41387 പട്ടയം. 2500 പട്ടയങ്ങളാണ് തൃശൂരിൽ വിതരണത്തിനൊരുങ്ങുന്നത്. അവസാന ഘട്ട പട്ടയ വിതരണത്തിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്.  6008 പട്ടയങ്ങളാണ് ഇവിടെ വിതരണത്തിന് തയ്യാറായത്. ഇതിൽ വർഷങ്ങളായി മുടങ്ങി കിടന്നിരുന്ന പട്ടയങ്ങളും ഉൾപ്പെടും.

ഇതുവരെ 56 പട്ടയ മേളകളാണ് പതിനാല് ജില്ലകളിലായി സർക്കാർ സംഘടിപ്പിച്ചത്. വൻകിട കയ്യേറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചും പട്ടയ വിതരണത്തിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കാനാവശ്യമായ സത്വര നടപടികൾ കൈക്കൊണ്ടും സർക്കാർ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്.

കൈവശമുണ്ടായിരുന്ന ഭൂമി പതിച്ചു കിട്ടിയാലും കൈവശമില്ലാത്ത ഭൂമി പതിച്ചു കിട്ടിയാലും അത് ബാങ്കുകളിൽ ഈടുവച്ച് ലോൺ എടുക്കുന്നതിനും മറ്റും സഹായിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്തതും ഈ സർക്കാറിന്റെ കാലത്താണ്. ഭൂരഹിതർ ഇല്ലാത്ത കേരളം എന്ന പ്രഖ്യാപിത നയത്തിലേക്കുള്ള നിർണ്ണായക ചുവടുവയ്പാണ് പട്ടയവിതരണം.

ജില്ല, വിതരണം ചെയ്തത്, വിതരണത്തിന് തയ്യാറായത്, ആകെ പട്ടയം എന്നിവ ക്രമത്തിൽ:

തിരുവനന്തപുരം           2091                   35                    2126
കൊല്ലം                             3232                 116                    3348
പത്തനംതിട്ട                     791                   96                      887
ആലപ്പുഴ                          1137                    65                 12020
കോട്ടയം                            932                    50                   1082
ഇടുക്കി                           31807                6008                   7815
എറണാകുളം                  6041                   76                    6217
പാലക്കാട്                       17552               1000                 18552
തൃശൂർ                            41387                2500                 43887
മലപ്പുറം                          28420                 700                  29120
കോഴിക്കോട്                  9630                  800                  10430
കണ്ണൂർ                              9405                  771                  10176
വയനാട്                           2795                  300                     3095
കാസർഗോഡ്                8471                  303                    8774