വയനാട്: വികസന കുതിപ്പിന്റെ നേര്‍കാഴ്ച്ചകളുമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ഡോക്യുമെന്ററിയും ഡോക്യുഫിക്ഷനും ജനങ്ങളിലേക്ക്. അടിസ്ഥാന സൗകര്യ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, വിനോദ സഞ്ചാര, സാമൂഹ്യക്ഷേമ രംഗങ്ങളിലും സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും വിജയഗാഥകളുമാണ് ദൃശ്യാവിഷ്‌ക്കാരമായി അവതരിപ്പിക്കുന്നത്. ഇനിയും മുന്നോട്ട് ക്യാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 17 വരെ ജില്ലയിലുടെ നീളം പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലൂടെ ഇവ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ ജനക്ഷേമപദ്ധതികളും അടിസ്ഥാന വികസന നേട്ടങ്ങളും പൊതുജനങ്ങളോട് സംവദിക്കുന്ന തരത്തിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്.
പ്രദര്‍ശന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കര്‍മ്മം കളക്‌ട്രേറ്റ് അങ്കണത്തില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള നിര്‍വ്വഹിച്ചു. എ.ഡി.എം ടി.ജനില്‍കുമാര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

*സുല്‍ത്താന്‍ ബത്തേരിയില്‍ ഫോട്ടോ പ്രദര്‍ശനം നാളെ മുതല്‍*
ജില്ലയുടെ വികസന കാഴ്ചകളൊരുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഇനിയും മുന്നോട്ട് – വയനാട് വികസന സാക്ഷ്യം ഫോട്ടോ പ്രദര്‍ശനം സുല്‍ത്താന്‍ ബത്തേരിയില്‍. നഗരസഭാ അങ്കണത്തില്‍ ഫെബ്രുവരി 5, 6 തിയ്യതികളില്‍ നടക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 5 ന് രാവിലെ 10 ന് ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വ്വഹിക്കും. വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, വിവിധ ജനപ്രധിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.