ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കും

ആലപ്പുഴ: ജില്ലയിലെ മൂന്നാം ദിവസത്തെ മന്ത്രിമാരുടെ സാന്ത്വനസ്പര്‍ശം അദാലത്ത് നാളെ ( ഫെബ്രുവരി 4) മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കിലെ അപേക്ഷകളിന്‍മേലാണ് മന്ത്രിമാര്‍ നേരിട്ട് തീരുമാനം എടുക്കുക. പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍, ധന-കയര്‍ വകുപ്പ് മന്ത്രി ഡോ.ടി.എം.തോമസ് ഐസക്, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ എന്നിവര്‍ പരാതികള്‍ നേരിട്ട് കേട്ട് തീരുമാനം എടുക്കും. എംഎൽഎമാരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

പരാതികളില്‍ ജനോപകാരപ്രദമായ തീര്‍പ്പുകള്‍ കല്‍പ്പിക്കുന്നതിന് പ്രത്യേക അധികാരം മന്ത്രിമാര്‍ക്ക് അദാലത്ത് ദിവസം നല്‍കിയിട്ടുണ്ട്. ജില്ല കളക്ടര്‍, സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരുടെ സഹായവും ഇവര്‍ക്ക് ഉണ്ടാകും.

രാവിലെ 10ന് തന്നെ അദാലത്ത് ആരംഭിക്കും. പരിപാടിയിൽ കോവിഡ് പ്രോട്ടോകോൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആംബുലൻസ് സംവിധാനവും ഉണ്ടാകും. ഫയർഫോഴ്സ്, പോലീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സേവനവും അദാലത്തിൽ ഉണ്ടാകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായ ധനത്തിനുള്ള അപേക്ഷകളും അദാലത്തില്‍ പരിഗണിക്കുന്നുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് 25000 രൂപ വരെ അനുവദിക്കാനുള്ള അധികാരം മന്ത്രിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. അഞ്ചുമണിവരെയാണ് അദാലത്ത് തുടരുക. നേരത്തെ രജിസ്റ്റര്‍ ചെയ്ത പരാതികളും അപ്പോള്‍ലഭിക്കുന്ന അപേക്ഷകളിലും തീരുമാനം എടുക്കും.