കാസര്‍ഗോഡ്:    മൃഗസംരക്ഷണ വകുപ്പ് ആനിമല്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് പദ്ധതിയുടെ ഭാഗമായുള്ള പോത്തുകുട്ടി വളര്‍ത്തല്‍ പദ്ധതി കാഞ്ഞങ്ങാട് നഗരസഭയില്‍ ആരംഭിച്ചു. നഗരസഭയിലെ 15 ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ പോത്തിന്‍ കുട്ടികളെ നല്‍കിയത്. 9000 രൂപക്ക് വാങ്ങിയ ആറു മാസം പ്രായമുള്ള പോത്തുകുട്ടികളെയാണ് വിതരണം ചെയ്തത്.

ഇതോടൊപ്പം 500 രൂപയുടെ മരുന്നും 250 രൂപ ഇന്‍ഷുറന്‍സും 250 രൂപ പോത്തുവളര്‍ത്തല്‍ പരിശീലനത്തിനും ഉള്‍പ്പെടെ 10,000 രൂപയാണ് ചെലവാക്കുന്നത്. പദ്ധതി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ സി ജാനകിക്കുട്ടി അധ്യക്ഷത വഹിച്ചു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: കെ വസന്തകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് ഫില്‍ഡ് ഓഫിസര്‍ സന്ധ്യ കെ വി നന്ദി പറഞ്ഞു.