കോഴിക്കോട്: മാനസിക ശരീരിക വെല്ലുവിളി നേരിടുന്ന മുഹമ്മദ്‌ ഷാഫിക്ക് മുചക്ര വാഹനം ലഭിക്കും. ഒരു വീടിന്റെ ഏക ആശ്രയമായ ഷാഫിക്ക് വീട്ടിൽ നിന്ന് പുറത്ത് പോവണമെങ്കിൽ സ്വന്തമായ വാഹനം വേണമെന്ന ആവശ്യമാണ് സാന്ത്വന സ്പർശം അദാലത്തിൽ സഫലമാവുന്നത്. അടുത്ത പദ്ധതിയിൽ ഉൾപ്പെടുത്തി വാഹനം അനുവദിക്കാനാണ് അദാലത്തിൽ നിർദ്ദേശം ലഭിച്ചത്.

ഭിന്നശേഷിക്കാരായ ഭർത്താവും മകളുമുള്ള വീട്ടിലേക്ക് വഴി വേണമെന്ന ആവശ്യവുമായി എത്തിയ മാവൂർ സ്വദേശിനി ഷീബക്കും നിരാശയോടെ മടങ്ങേണ്ടി വന്നില്ല. സാമൂഹ്യനീതി വകുപ്പിനോട് ആവശ്യമായ നടപടികൾ ഇക്കാര്യത്തിൽ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. ഷീബയുടെ ഭർത്താവ് സുനിൽകുമാർ ഒരു കാൽ പൂർണമായും നഷ്ടപ്പെട്ട് 85 ശതമാനം ശരീരിക വെല്ലുവിളി നേരിടുന്ന ആളാണ്. ഹൃദ്രോഗിയായ ഷീബയുടെ അച്ഛനും അമ്മയും രോഗികളാണ്. ജോലിക്ക് പോവാൻ കഴിയാത്ത ഷീബക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വേതനം അനുവദിക്കണമെന്ന ആവശ്യവും പരിശോധിക്കും.

ഭിന്നശേഷിക്കാർക്കായി പ്രധാനവേദിയുടെ പുറത്ത് ഒരുക്കിയ കൗണ്ടറിൽ മന്ത്രി കെ. ടി ജലീൽ, ടി. പി രാമകൃഷ്ണൻ എന്നിവർ അപേക്ഷകൾ പരിഗണിച്ചു. ഷാഫിയെയും ഷീബയെയും പോലുള്ള നിരവധി പേരുടെ അപേക്ഷകൾക്കാണ് അദാലത്തിൽ പരിഹാരമായത്.