തിരുവനന്തപുരം: സാന്ത്വന സ്പർശം പൊതുജന പരാതി പരിഹാര അദാലത്തിലേക്കു ജില്ലയിൽ ലഭിച്ച പരാതികൾ അതിവേഗത്തിൽ തീർപ്പാക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഓരോ വകുപ്പിലും ലഭിക്കുന്ന പരാതികളിൽ കൃത്യവും വസ്തുനിഷ്ഠവുമായ തീർപ്പാണുണ്ടാക്കേണ്ടതെന്നു കളക്ടർ ജില്ലാതല ഉദ്യോഗസ്ഥർക്കു പ്രത്യേക നിർദേശം നൽകി. സാന്ത്വന സ്പർശം അദാലത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
7,130 പരാതികളാണു ജില്ലയിൽ ഇതുവരെ ലഭിച്ചിരിക്കുന്നത്. കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ സംഘം എല്ലാ പരാതികളും ബന്ധപ്പെട്ട വകുപ്പുകളിലേക്കു കൈമാറിക്കഴിഞ്ഞു. വകുപ്പുകൾ ഓരോ പരാതിക്കും അടിയന്തര പ്രാധാന്യം നൽകി കഴിയാവുന്നത്ര സഹായം നൽകുന്നതിനുള്ള ശ്രമങ്ങൾ നടത്തണം. അദാലത്ത് ആരംഭിക്കുന്ന തിങ്കളാഴ്ചയ്ക്കു മുൻപേതന്നെ എല്ലാ നടപടികളും പൂർത്തിയാക്കണമെന്നും കളക്ടർ പറഞ്ഞു.
അദാലത്ത് നടക്കുന്ന വേദിയിൽ എല്ലാ വകുപ്പുകളുടേയും പ്രത്യേക കൗണ്ടറുകൾ ഉണ്ടാകും. ഉദ്യോഗസ്ഥതലത്തിൽ തീർപ്പാക്കാൻ കഴിയുന്ന പരാതികൾ സംബന്ധിച്ച മറുപടി പൊതുജനങ്ങൾക്ക് ഈ കൗണ്ടറുകളിൽനിന്നു നേരിട്ടു ലഭിക്കും. മന്ത്രിതലത്തിൽ തീർപ്പാക്കേണ്ടവയിൽ ടോക്കൺ നൽകി ബന്ധപ്പെട്ട ആളുകളെ മന്ത്രിമാരുടെ അടുത്തേയ്ക്ക് അയക്കും. നിലവിൽ ലഭിച്ചിട്ടുള്ള പരാതികൾക്കു പുറമേ അദാലത്ത് വേദികളിൽ നേരിട്ടു പരാതി നൽകാനും പൊതുജനങ്ങൾക്കു സൗകര്യമുണ്ടാകുമെന്നു കളക്ടർ പറഞ്ഞു. ഇതിനായി ഓരോ കേന്ദ്രത്തിലും പത്തു പ്രത്യേക കൗണ്ടർ വീതം തുറക്കും.
അദാലത്ത് വേദിയിൽ കർശന കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനു പൊതുജനങ്ങൾ പൂർണ സഹകരണം നൽകണമെന്നു കളക്ടർ അഭ്യർഥിച്ചു. പ്രധാന കവാടത്തിൽ ശരീര ഊഷ്മാവു പരിശോധിച്ചശേഷം സാനിറ്റൈസർ നൽകിയാകും ആളുകളെ പ്രവേശിപ്പിക്കുക. നിശ്ചിത എണ്ണം ആളുകളെ വീതം ടോക്കൺ നൽകി അദാലത്ത് ഹാളിലേക്കു പ്രവേശിപ്പിക്കും. ബാക്കിയുള്ളവർക്കു വിശ്രമിക്കുന്നതിനു പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ പൊലീസിനെയും സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകളേയും വിന്യസിച്ചിട്ടുണ്ട്. ഇവർ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും തയാറാകണമെന്നും കളക്ടർ അഭ്യർഥിച്ചു.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധു, എ.ഡി.എം. ടി.ജി. ഗോപകുമാർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.