കണ്ണൂര്‍:  വീടുവയ്ക്കാന്‍ ദാനമായി ലഭിച്ച ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതു കാരണം വീടെന്ന സ്വപ്നം യഥാര്‍ഥ്യമാവാതെ പ്രയാസത്തിമായ മാട്ടൂല്‍ സ്വദേശി കെ വി സൈനബയുടെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് തളിപ്പറമ്പ് നടന്ന അദാലത്തിലൂടെ. രണ്ടാഴ്ചക്കുള്ളില്‍ സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കുനുള്ള നടപടി സ്വീകരിക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി  ഇ പി ജയരാജന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതോടെയാണിത്.
31 വര്‍ഷമായി സൈനബയും ഭര്‍ത്താവും വാടക വീട്ടിലാണ് കഴിയുന്നത്. മീന്‍ വില്പനയായിരുന്നു ഉപജീവന മാര്‍ഗം. എന്നാല്‍ കാലുകള്‍ക്ക് അസുഖം ബാധിച്ച് നടക്കാന്‍ വയ്യാതെയായി.

സ്വന്തമായി വീടില്ലാത്ത ഇവര്‍ക്ക് ഒരു വര്‍ഷം മുമ്പ് ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി വീട് വെക്കാന്‍ നാല് ലക്ഷം രൂപ അനുവദിച്ചു. സ്വന്തമായി ഭൂമി ഇല്ലാത്ത ഇവര്‍ക്ക് വീട് വെക്കുന്നതിനുള്ള ഭൂമി ഒരാള്‍ വെറുതെ നല്‍കി. ഈ ഭൂമിയാണ് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടത്. അതിനാല്‍ വീട് പണി തുടങ്ങാന്‍ സാധിച്ചില്ല. രണ്ട് പേര്‍ക്കുമുള്ള സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ മാത്രമാണ് ആശ്രയം. മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ജീവിതം മുന്നോട്ടുപോവുന്നത്. ഇവരുടെ കഷ്ടപ്പാടുകള്‍ കേട്ട മന്ത്രി, വീട് വയ്ക്കാനുള്ള തടസ്സങ്ങള്‍ മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.