ആലപ്പുഴ : ജനങ്ങളുടെ ആവലാതികൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭാ തീരുമാനപ്രകാരം മാവേലിക്കരയിൽ സംഘടിപ്പിച്ച സാന്ത്വനസ്പർശം മന്ത്രിമാരുടെ അദാലത്തിൽ വിതരണം ചെയ്തത് ഏറ്റവും കൂടിയ തുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദാലത്തിൽ ഓൺലൈനായി ലഭിച്ചത് 1287 അപേക്ഷകളാണ്. നേരിട്ട് മന്ത്രിമാരുടെ മുമ്പിലെത്തിയത് 2123 അപേക്ഷകൾ . ഇതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മന്ത്രിമാർ ശുപാർശചെയ്തു നൽകിയത് 4, 73 , 34 ,474 രൂപയാണ്. ജില്ലയിൽ നടന്ന അദാലത്തുകളിൽ ഏറ്റവും ഉയർന്ന തുകയാണിത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്ലാതെ ലഭിച്ച പരാതികളുടെ എണ്ണം 390 2 ആണ്. മാവേലിക്കര ,കാർത്തികപ്പള്ളി താലൂക്കുകളിൽ നിന്നുള്ള അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചത്. ആകെ 6502 അപേക്ഷകൾ ലഭിച്ചു. ഇതിൽ ഓൺലൈനായി കിട്ടിയത് 3240 അപേക്ഷകളും നേരിട്ട് ലഭിച്ചത് 3262 അപേക്ഷകളും ആണ് .സി എം ഡി ആർ എഫ് വഴി ലഭിച്ച അപേക്ഷകളിൽ 2380 അപേക്ഷകൾ ഒറ്റ ദിവസം കൊണ്ട് തീർപ്പാക്കി. മൂന്ന് ദിവസമായി നടന്ന അദാലത്തുകളിലായി ആകെ വിതരണം ചെയ്തത് 11,39,41, 224 രൂപയാണ്.

മൂന്നു ദിവസമായി ആകെ ലഭിച്ചത് 17 158 അപേക്ഷകളാണ്. ഇതിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 8122 അപേക്ഷകൾ ലഭിച്ചു. 11.39 കോടി നൽകിയതിന് പുറമേ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അഭാവത്തോടെ നൽകിയ പരാതികൾ , സർട്ടിഫിക്കറ്റ് ചേർത്തു വരുമ്പോൾ തുക അനുവദിക്കുന്നതിന് ശുപാർശ നൽകിയിട്ടുമുണ്ട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ എന്നീ മൂന്നു മന്ത്രിമാരും പരാതികൾ കേൾക്കുകയും തീർപ്പ് കൽപ്പിക്കുകയും ചെയ്തു.മന്ത്രിമാർക്ക് അനുവദിക്കാൻ അനുമതി ലഭിച്ച 25000 രൂപ അർഹതപ്പെട്ടവർക്ക് പരമാവധി നൽകാൻ കഴിഞ്ഞതായി പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു.

കുറേ അപേക്ഷകൾ കൂടുതൽ ധനസഹായം ആവശ്യമാണെന്ന് കണ്ടതിനെത്തുടർന്ന് ശുപാർശയോടെ സെക്രട്ടേറിയറ്റിലേക്ക് അയക്കാനും മന്ത്രിമാർ നിർദേശിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. വികസന ക്ഷേമ പ്രവർത്തനങ്ങളിൽ വലിയ മുന്നേറ്റമാണ് ഈ സർക്കാരിൻറെ കാലത്ത് ഉണ്ടായിട്ടുള്ളതെന്ന്ജി . സുധാകരൻ വ്യക്തമാക്കി.ഒരു അപേക്ഷ പോലും സി എം ഡി ആർ എഫ് ലേക്ക് എത്തിയത് പരിഗണിക്കാതെ വിട്ടിട്ടില്ല. രാവിലെ 10 മണിക്ക് തന്നെ അദാലത് ആരംഭിച്ചു . അഞ്ചേകാൽ വരെ അപേക്ഷകളുടെ പ്രവാഹം ഉണ്ടായിരുന്നു. അഞ്ചേകാലിനാണ് പരിപാടി സമാപിച്ചത്.

ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മികച്ച പ്രവർത്തനമാണ് പരിപാടി സംഘടിപ്പിക്കുന്നതിന് നടത്തിയ എന്ന് മന്ത്രി എടുത്തുപറഞ്ഞു.റേഷൻ കാർഡ് തരം മാറ്റുന്നതിനുള്ള 92 അപേക്ഷകളാണ് അദാലത്തിൽ പരിഗണിച്ചെതെന്ന് മന്ത്രി പി. തിലോത്തമൻ പറഞ്ഞു. 92 അപേക്ഷകളിലും തീർപ്പ് കല്പിച്ചിട്ടുണ്ട്. 33 പേർക്ക് മുൻഗണനാ പട്ടികയിൽ കാർഡ് അപ്പോൾ തന്നെ വിതരണം ചെയ്തതായി മന്ത്രി പറഞ്ഞു . ആധാർ ഇരട്ടിപ്പ് പരിശോധിച്ചതിലൂട 40,000 റേഷൻ കാർഡ് അർഹതപ്പെട്ടവർക്ക് നൽകുന്നതിനുള്ള അവസരം സർക്കാരിന് ലഭിച്ചിട്ടുണ്ട്. ആലപ്പുഴയിൽ കൂടുതൽ അപേക്ഷകൾ ഉള്ളതിനാൽ ഇതിന്റെ പ്രയോജനം ഇവിടെ കൂടുതലായി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്കും കർഷകത്തൊഴിലാളികൾക്കും അർഹതപ്പെട്ടവർക്ക് കൂടുതൽ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്താൻ ഇതുവഴി കഴിയും.

എംഎൽഎമാരായ ആർ രാജേഷ് , യു പ്രതിഭ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജില്ലാകളക്ടർ എ. അലക്സാണ്ടർ , വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻ ഹ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തഹസിൽദാർമാരായ സന്തോഷ് കുമാർ , ദിലീപ് കുമാർ , മാത്യു , ബിജു കുമാർ എന്നിവരും പരിപാടി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.