ഇടുക്കി:  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഏലപ്പാറ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ പുതിയ മന്ദിരത്തിന്റ ഉദ്ഘാടനം ശനിയാഴ്ച രാവിലെ( ഫെബ്രുവരി 6) 10.00 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷനാകും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി ടി എം തോമസ് ഐസക്ക് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും.

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി, ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും .സംസ്ഥാന പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍ സ്വാഗതം പറയും. എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ മൈക്കിള്‍ സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തും .ഇ എസ് ബിജിമോള്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്യും . അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിത്യാ എഡ്വേര്‍ഡ് , ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഏലപ്പാറയിലെ ആദ്യകാല വിദ്യാഭ്യാസ കേന്ദ്രമായി 1952ല്‍ സ്ഥാപിതമായ ഗവണ്‍മെന്റ് യുപിസ്‌കൂള്‍ ആദ്യം ഓലമേഞ്ഞ ഷെഡ്ഡിലാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് തദ്ദേശവാസികളുടെയും സര്‍ക്കാരിന്റെയും ശ്രമഫലമായി നിലവിലുള്ള കെട്ടിടത്തിലേക്ക് വിദ്യാലയം മാറുകയായിരുന്നു.എന്നാല്‍ നിലവിലുള്ള കെട്ടിടത്തിന്റെ പരിമിതി മൂലവും സാധാരണക്കാര്‍ക്കും മികച്ച വിദ്യാഭ്യാസ സൗകര്യം ലഭ്യമാകണമെന്ന ഈ സര്‍ക്കാരിന്റെ നയങ്ങളുടെ ഭാഗമായും ആണ് 1 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ആധുനിക മന്ദിരം പൂര്‍ത്തിയാക്കാനായത്.

സ്‌കൂള്‍ മന്ദിരം ഹൈടെക് ആകുന്നതോടുകൂടി തോട്ടം മേഖലയിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രാപ്യമാകും.6 ക്ലാസ് മുറികളും 6ആധുനിക ശുചി മുറികളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ മികവിനെ കേന്ദ്രം. 99 ലക്ഷം രൂപയുടെ മെസ് ഹാളിന്റെയും അധുനിക അടുക്കളയുടെയും നിര്‍മ്മാണം പുരോഗമിച്ചുവരികയാണ്.

സമൂഹത്തിന്റെ നാനാതുറകളിലുള്ള വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ധാരാളം വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയിട്ടുണ്ട് ഈ വിദ്യാലയം .പ്രീ പ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ ക്ലാസുകളില്‍ മലയാളം തമിഴ് ഇംഗ്ലീഷ് മുതലായ വിവിധ മാധ്യമങ്ങളിലായി 362 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തി വരുന്നുണ്ട് .കോവിഡ് കാലത്ത് ഓണ്‍ലൈനായി എല്ലാ പാഠ്യപാഠ്യേതര പ്രവര്‍ത്തികളും മികച്ച രീതിയില്‍ നടന്നുവരുന്നതായി പ്രാധാന അധ്യാപകന്‍ ശങ്കിലി പറഞ്ഞു.