മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഏഴ് സ്‌കൂളിന് കൂടി പുതുതായി നിര്‍മിച്ച ഹൈടെക് കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച (ഫെബ്രുവരി ആറ്) രാവിലെ 10ന് നാടിന് സമര്‍പ്പിക്കും. ഓണ്‍ലൈനായി നടക്കുന്ന സംസ്ഥാനതല പരിപാടിയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. ധനകാര്യ മന്ത്രി വകുപ്പ് മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ മുഖ്യാതിഥിയായിരിക്കും.
പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും.
അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച നിലമ്പൂര്‍ ഗവ.മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച പുലാമന്തോള്‍ ജി.എച്ച്.എസ്.എസ്, കുന്നക്കാവ് ജി.എച്ച്.എസ്.എസ് പ്ലാന്‍ ഫണ്ടില്‍ നിന്നും നിര്‍മാണം പൂര്‍ത്തിയാക്കിയ മൊറയൂര്‍ ജി.എം.എല്‍.പി.എസ് (1.15 കോടി), പറങ്കിമൂച്ചിക്കല്‍ ജി.എല്‍.പി.എസ്, താനൂര്‍ ജി.എല്‍.പി.എസ്, തവനൂര്‍ കെ.എം.ജി.യു പി.എസ് (ഒരു കോടി) എന്നീ സ്‌കൂളുകളുടെ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
നിലമ്പൂര്‍ ഗവ.മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പി.വി അന്‍വര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. പദ്ധതിയുടെ ഭാഗമായി കിഫ്ബിയില്‍ നിന്ന് അഞ്ച് കോടിയും പി.വി അന്‍വര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് ഒന്നരക്കോടിയും ഉപയോഗിച്ചാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഫര്‍ണിച്ചറുകള്‍ക്കായി 25 ലക്ഷം രൂപ നിലമ്പൂര്‍ നഗരസഭയും ചെലവഴിച്ചു. ഹൈസ്‌ക്കൂള്‍ വിഭാഗത്തിനായി നിര്‍മിച്ച കെട്ടിടത്തില്‍ മുപ്പത് ക്ലാസ് മുറികളാണുള്ളത്. ഓഫീസ്,  സ്റ്റാഫ് റൂം, ലേഡീസ്, ബോയ്‌സ് ടോയിലറ്റ് എന്നിവയും  ഒരുക്കിയിട്ടുണ്ട്. സ്‌കൂളില്‍ 18.25 കോടിയുടെ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ  നിര്‍മാണവും പുരോഗമിക്കുകയാണ്.

പുലാമന്തോള്‍ ജി.എച്ച്.എസ്.എസില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടി മൂന്നു നിലകളിലായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിര്‍മാണം. 15 ക്ലാസ് മുറികള്‍, രണ്ട് ഐ.ടി ലാബുകളും അടങ്ങുന്ന കെട്ടിടത്തിന്റെ ഓരോ നിലകളിലും പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കുമായി ആധുനിക സൗകര്യങ്ങളോട് കൂടി നിര്‍മിച്ചിരിക്കുന്ന ടോയ്‌ലറ്റുകളുമുണ്ട്. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാവും. മഞ്ഞളാംകുഴി അലി എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പെരിന്തല്‍മണ്ണ കുന്നക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് മൂന്ന് കോടി രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് ഇരുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 16 സ്മാര്‍ട് ക്ലാസ്മുറികളും രണ്ടു നിലകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ഒരുക്കിയിരിയിരിക്കുന്ന ടോയ്‌ലറ്റുകളും അടങ്ങുന്നതാണ് കെട്ടിടം.  മഞ്ഞളാംകുഴി അലി എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, സ്‌കൂള്‍ അധ്യാപകര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മൊറയൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് 1.25 കോടി രൂപ ചെലവില്‍ നിര്‍മിച്ച 12 ക്ലാസ് മുറികളുള്ള കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ    ശിലാഫലകം അനാച്ഛാദനം ചെയ്യും. മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്      പൊറ്റമ്മല്‍ സുനീറ അധ്യക്ഷയാകും.
താനൂര്‍ ശോഭപറമ്പിലെ ജി.എല്‍.പി  സ്‌കൂളില്‍ ഒരു കോടി രൂപ പ്ലാന്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച ഇരുനില കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് ഒരുക്കിയിരിക്കുന്നത്. കെട്ടിടത്തില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, ടോയ്ലറ്റ് സമുച്ചയം തുടങ്ങിയ സൗകര്യങ്ങളാണുള്ളത്. സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വി. അബ്ദുറഹ്‌മാന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. പുതിയ കെട്ടിടം നിര്‍മിച്ചതിന് പുറമെ ചുറ്റുമതില്‍, ഗേറ്റ് എന്നിവയും സ്‌കൂളില്‍ പണിയുന്നുണ്ട്.

തവനൂര്‍ കെ.എം.ജി.യു.പി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ശിലാഫലക അനാച്ഛാദനവും എസ്.എസ്.കെ ക്ലാസ് മുറികളുടെ  ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ നിര്‍വഹിക്കും. തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി നസീറ അധ്യക്ഷയാകും. ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഫൈസല്‍ ഇടശ്ശേരി നിര്‍വഹിക്കും. തിയേറ്റര്‍ ക്ലാസ് മുറിയുടെ  ഉദ്ഘാടനം തവനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി ശിവദാസ് നിര്‍വഹിക്കും.

സ്‌കൂള്‍ വാഹനത്തിന്റെ ഉദ്ഘാടനം തവനൂര്‍  ഗ്രാമപഞ്ചായത്ത്  വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ലിഷാ മോഹനും മാലിന്യ നിര്‍മാര്‍ജന യൂനിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീജ കൂട്ടാക്കിലും നിര്‍വഹിക്കും.  കമ്പ്യൂട്ടര്‍ ലാബ്  മലപ്പുറം എസ്.എസ്.കെ ഡി.പി.സി കെ.വി വേണുഗോപാലനും സയന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനം തിരൂര്‍ ഡി.ഇ.ഒ രമേഷ് കുമാറും നിര്‍വഹിക്കും. ചടങ്ങില്‍ ഹെഡ്മിസ്ട്രസ് എസ്.ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിക്കും.

പറങ്കിമൂച്ചിക്കല്‍ ജി.എല്‍.പി സ്‌കൂളില്‍ ഒരു കോടി ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ എട്ട് ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. സ്‌കൂള്‍ തലത്തില്‍ നടക്കുന്ന പരിപാടിയില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. പൊന്മള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസീന മജീദ് അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് അംഗം കെ.സലീന ടീച്ചര്‍, കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷ്റ ബഷീര്‍, പൊന്മള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കടക്കാടന്‍ ഷൗക്കത്തലി, വാര്‍ഡ് അംഗങ്ങള്‍, മറ്റ് രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.