എറണാകുളം: കേരളത്തിലെ മൽസ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനുതകുന്ന 2950 കോടിരൂപയുടെ പദ്ധതിക്കായി കേരള ഷിപ്പിംഗ്‌ ആൻഡ്‌ ഇൻലാൻഡ്‌ നാവിഗേഷൻ കോർപ്പറേഷനും അമേരിക്കൻ കമ്പനിയായ ഇഎംസിസി ഇന്റർനാഷണലും കൈകോർക്കുന്നു. കെഎസ്‌ഐഎൻസി എം.ഡി എൻ. പ്രശാത്തും ഇഎംസിസി ഇന്റർനാഷണൽ ഇൻഡ്യ പ്രൈവറ്റ്‌ ലിമിറ്റഡ്‌ പ്രസിഡന്റ്‌ ഷിജു വർഗീസും ധാരണാപത്രത്തിൽ ഒപ്പിട്ടു.

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ‘അസൻഡ്‌ 2020’ നിക്ഷേപസമാഹരണ പരിപാടിയിൽഇഎംസിസിയും സർക്കാരുമായി ഏർപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ്‌ പദ്ധതിക്ക്‌തുടക്കമാകുന്നത്‌. ആഴക്കടൽ മൽസ്യബന്ധനത്തിന്‌ ഉപയോഗിക്കുന്ന ട്രോളറുകളുടെ നിർമാണം, തുറമുഖ വികസനം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. മൽസ്യബന്ധനത്തിനായി 400ട്രോളറുകളാണ്‌ കെഎസ്‌ഐഎൻസിയുടെ സഹായത്തോടെ ഇഎംസിസി കേരളത്തിൽ നിർമിക്കുക. നിലവിൽ വിദേശ ട്രോളറുകളാണ്‌ കൂടുതലായും ഉപയോഗിക്കുന്നത് . ശാസ്ത്രീയമായി ആസൂത്രണം ചെയ്യുന്ന ഈ മത്സ്യബന്ധന പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ മേഖലയിൽ പൂർണമായും കേരളത്തിന്റെ കയ്യൊപ്പു പതിയും. കേരളത്തിലെ ഏറ്റവും വലിയ വിദേശനിക്ഷേപങ്ങളിലൊന്നായി മാറും ഈ പദ്ധതി.

ഇഎംസിസിക്ക്‌ ട്രോളറുകൾ നിർമിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങളാണ്‌ കെഎസ്‌ഐഎൻസി ഒരുക്കിക്കൊടുക്കുക‌. ഏകദേശം രണ്ടു കോടി രൂപയാണ്‌ രാജ്യാന്തര നിലവാരത്തിലുള്ള ഒരു ട്രോളർ നിർമിക്കാൻ ഉണ്ടാകുന്ന ചെലവ്‌. ഇവ നിലവിലെ മത്സ്യത്തൊഴിലാളികൾക്ക് വിതരണം ചെയ്യും . ഇത്രയും ട്രോളറുകൾ മൽസ്യബന്ധനം നടത്തി തിരിച്ചെത്തുമ്പോൾ അവയ്ക്ക്‌ അടുക്കാൻ നിലവിൽ കേരളത്തിലെ ഹാർബറുകളിൽ

ആവശ്യത്തിന്‌ സൗകര്യമില്ല. അതിനായി ഹാർബറുകൾക്കൊപ്പം പുതിയ ഹാർബറുകളും കെഎസ്‌ഐഎൻസി വികസിപ്പിക്കും. ഇത്തരത്തിൽ ആഴക്കടൽ മൽസ്യബന്ധനത്തിലൂടെ ശേഖരിക്കുന്ന മൽസ്യങ്ങൾ സംസ്കരിക്കുന്നതിനായി ഇഎംസിസി കേരളത്തിൽ യൂണിറ്റുകൾ തുറക്കും. ഇവിടെ മൽസ്യത്തൊഴിലാളി കുടുംബാംഗങ്ങൾക്കായിരിക്കും ‌ പ്രഥമ പരിഗണന നൽകുന്നത് . കേരളത്തിൽ തുറക്കുന്ന 200 ഔട്ലെറ്റുകൾ വഴി സംസ്കരിച്ച മൽസ്യം വിറ്റഴിക്കുന്നതിനൊപ്പം വിദേശ രാജ്യങ്ങളിലേക്ക്‌ കയറ്റുമതി ചെയ്യുകയുമാണ്‌ പദ്ധതിയെന്ന്‌ ഇഎംസിസി പ്രസിഡന്റ്‌ ഷിജു വർഗീസ്‌ പറഞ്ഞു. ഇഎംസിസിയുടെ കടന്നുവരവോടെ 25000ൽപരം തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെടുമെന്ന്‌ കെഎസ്‌ഐഎൻസി മാനേജിംഗ്‌ ഡയറക്ടർ എൻ. പ്രശാന്ത്‌ പറഞ്ഞു.

കേന്ദ്ര സമുദ്ര മൽസ്യ ഗവേഷണ സ്ഥാപനത്തിന്‌ (സിഎംഎഫ്‌ആർഐ) ഗവേഷണ ആവശ്യങ്ങൾക്കായി ഒരു ട്രോളർ സൗജന്യമായി നൽകും. സിഎംഎഫ്‌ആർഐ യുടെ ഗവേഷണത്തെ അടിസ്ഥാനമാക്കി പ്രകൃതിക്ക്‌ കോട്ടം തട്ടാത്ത മത്സ്യബന്ധനമാണ്‌ ലക്ഷ്യം. ഇതിലൂടെ മൽസ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനം ഇരട്ടിയാകുമെന്നാണ്‌ പ്രതീക്ഷ.മൽസ്യത്തൊഴിലാളികൾക്കായി ആശുപത്രികളും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിക്കുന്നതിനും പദ്ധതിയിൽ പണം വകയിരുത്തിയിട്ടുണ്ട് ‌. കെഎസ്‌ഐഎൻസി യുടെ ചരിത്രത്തിലെ ഏറ്റവും വലിയ വർക്ക്‌ ഓർഡറാണിതെന്നും ‌ അദ്ദേഹം ‌ പറഞ്ഞു.