* അന്ത്യോദയ റേഷന്‍ കാര്‍ഡ് കൈമാറി
** തടസമില്ലാതെ വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗജന്യ വൈദ്യുതി നല്‍കും
*** ലൈഫ് പദ്ധതിയില്‍ വീട് നല്‍കുമെന്നും ഉറപ്പ്
തിരുവനന്തപുരം: ‘യു ആര്‍ എ റിയല്‍ ഫൈറ്റര്‍’ ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ ഇതു പറഞ്ഞപ്പോള്‍ ലിജോയുടെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു. 13 വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന പാറശാല സ്വദേശി ലിജോയ്ക്കും കുടുംബത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സഹായഹസ്തവുമായി ജില്ലാ കളക്ടര്‍ നേരിട്ടെത്തി. സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്ത കളക്ടര്‍, ആദ്യ ഘട്ടമായി ലിജോയുടെ പേരില്‍ പുതുതായി തയാറാക്കിയ അന്ത്യോദയ റേഷന്‍ കാര്‍ഡ് കൈമാറി. 24 മണിക്കൂറും വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുമ്പോഴുള്ള ഭീമമായ വൈദ്യുതി ചാര്‍ജ് ഒഴിവാക്കാന്‍ സൗജന്യ വൈദ്യുതി നല്‍കുന്ന നടപടികള്‍ അതിവേഗത്തിലാക്കാന്‍ കെ.എസ്.ഇ.ബിക്കു നിര്‍ദേശം നല്‍കി. ഒപ്പം ലൈഫ് പദ്ധതി പ്രകാരം വീട് നല്‍കുമെന്ന ഉറപ്പും.
അക്യൂട്ട് എന്‍സഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂര്‍വ രോഗമാണു ലിജോയെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. കഴുത്തിനു താഴെ പൂര്‍ണമായി തളര്‍ന്ന ലിജോയ്ക്കു വെന്റിലേറ്ററില്ലാതെ ജീവിക്കാനാകില്ല. അതീവ ഗുരുതരാവസ്ഥയില്‍നിന്നു ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ന്യൂറോളജി വിഭാഗം മേധാവി ഡോ. സഞ്ജീവ് വി. തോമസാണ് ലിജോയെ ജീവിതത്തിലേക്കു തിരികെയെത്തിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ലിജോ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്
ഇച്ഛാശക്തിയൊന്നുകൊണ്ടു മാത്രമാണെന്നാണ് ഡോ. സഞ്ജീവ് പറയുന്നത്. പക്ഷേ, വെന്റിലേറ്ററിന്റെ വൈദ്യുതി ചാര്‍ജും തുടര്‍ ചികിത്സയുമടക്കമുള്ള ഭീമമായ ചെലവുകള്‍ ലിജോയുടെ കുടുംബത്തിനു താങ്ങാവുന്നതിലേറെയാണ്. തീര്‍ത്തും ദുരവസ്ഥയിലായ ലിജോയുടെ കഥ ഡോ. സഞ്ജീവ്തന്നെയാണു ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കളക്ടര്‍ അടിയന്തര ഇടപെടല്‍ നടത്തുകയായിരുന്നു.
വീട്ടിലെത്തിയ കളക്ടര്‍ ലിജോയോടും ലിജോയെ പരിചരിക്കുന്ന സഹോദരന്‍ വിപിനോടും കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. 24 മണിക്കൂറും വെന്റിലേറ്റര്‍ പ്രവര്‍ത്തിപ്പിക്കേണ്ടിവരുന്നതിനാലുണ്ടാകുന്ന ഭീമമായ വൈദ്യുതി ബില്ലാണ് ലിജോയുടെയും കുടുബത്തിന്റെയും ഏറ്റവും വലിയ ഭീതി. ഇത് പൂര്‍ണമായി ഒഴിവാക്കാനുള്ള നടപടി തുടങ്ങിയതായി കളക്ടര്‍ അറിയിച്ചു. ജീവന്‍രക്ഷാ ഉപാധികള്‍ക്ക് വേണ്ടി ചെലവാക്കുന്ന കറന്റ് ബില്‍ പൂര്‍ണ്ണമായും ഒഴിവാക്കാനായി കെ.എസ്.ഇ.ബിക്കു കളക്ടര്‍ നിര്‍ദേശം നല്‍കി. അടിയന്തരമായി ഇക്കാര്യത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ലിജോയ്ക്ക് തീര്‍ത്തും സൗജന്യമായി വൈദ്യുതി ലഭ്യമാകും.
2007ലാണ് അക്യൂട്ട് എന്‍സഫലോ മൈലാറ്റിസ് ന്യുറോപ്പതി എന്ന അപൂര്‍വ രോഗം ബാധിച്ച് കഴുത്തിനു താഴെ തളര്‍ന്ന നിലയില്‍ ലിജോയെ ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചത്. അന്ന് ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കി എഞ്ചിനീയറിങ് പ്രവേശനത്തിന് ഒരുങ്ങുകയായിരുന്നു ലിജോ. ഒന്നരവര്‍ഷത്തോളം ശ്രീചിത്രയില്‍ ഐ.സി.യുവിലായിരുന്ന ലിജോയെ പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2012 മുതല്‍ വീട്ടില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കിടപ്പിലായിരുന്ന ലിജോ ഇപ്പോള്‍ വാടകവീട്ടിലാണ് കഴിയുന്നത്. മുന്‍പ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍ നിന്നും വാടക കൊടുക്കാന്‍ കഴിയാതിരുന്നതോടെ ഇറക്കിവിടുകയായിരുന്നു.
ചെല്ലയ്യന്‍ -മേഴ്‌സി ദമ്പതികളുടെ അഞ്ചു മക്കളില്‍ അവസാനത്തെ ആളാണ് ലിജോ. അച്ഛനും അമ്മയും മരിച്ചപ്പോള്‍ രോഗിയായ സഹോദരിയെയും തന്റെ രണ്ട് കുഞ്ഞുങ്ങളെയും ലിജിനേയും നോക്കുന്നത് കൂടപ്പിറപ്പായ വിപിന്‍ ആണ്. സ്ഥിര വരുമാനം ഇല്ലാത്ത വിപിന്‍ ഉള്ള വീടും വസ്തുക്കളും വിറ്റായിരുന്നു ഇതുവരെയുള്ള ചികിത്സ നടത്തിയത്. ലിജോയുടെ രോഗ വിവരം അറിഞ്ഞ സി.കെ ഹരീന്ദ്രന്‍ എം. എല്‍. എ സംസ്ഥാന സാമൂഹികസുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലുമായി ഇക്കാര്യം സംസാരിക്കുകയും ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ വെന്റിലേറ്റര്‍ വാങ്ങുന്നതിനുള്ള ഇടപെടല്‍ നടത്തുകയും ചെയ്തിട്ടുണ്ട്. താലൂക്ക് സപ്ലൈ ഓഫീസര്‍ കുമാരി ബിന്ദു, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ സജേന്ദ്ര ബാബു, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയര്‍ സനല്‍ കുമാര്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രമേഷ്, നെയ്യാറ്റിന്‍കര താഹസില്‍ദാര്‍ അജയകുമാര്‍ എന്നിവരും കളക്ടറോടൊപ്പമുണ്ടായിരുന്നു.