എ.കെ.ജിയുടെ സ്മരണാർത്ഥം കണ്ണൂർ ജില്ലയിലെ പെരളശ്ശേരിയിൽ അഞ്ചരക്കണ്ടി പുഴയ്ക്ക് സമീപം സ്മൃതി മ്യൂസിയം ഒരുങ്ങുന്നു. ഏകദേശം 20 കോടി ചെലവിൽ 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഇരുനില കെട്ടിടവും ആധുനിക മ്യൂസിയം സങ്കൽപങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഏഴ് ഗ്യാലറികളടങ്ങുന്ന പ്രദർശന സംവിധാനങ്ങളുമായാണ് മ്യൂസിയത്തിൽ സജ്ജമാക്കുന്നത്. ഇതിനായി 3.21 ഏക്കർ സ്ഥലം മ്യൂസിയം വകുപ്പ് ഏറ്റെടുത്തു.

മ്യൂസിയത്തിന്റെ ശിലാസ്ഥാപന കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ 13ന് രാവിലെ 9.30ന് നിർവഹിക്കും. മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.കെ. ശൈലജ ടീച്ചർ എന്നിവർ വിശിഷ്ടാതിഥികളാകും. എം.പിമാരായ കെ. സുധാകരൻ, കെ.കെ. രാഗേഷ്, മ്യൂസിയം അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വേണു. വി, ജില്ലാ കളക്ടർ ടി.വി. സുഭാഷ്, മ്യൂസിയം ഡയറക്ടർ എസ്. അബു, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.