തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഇളമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച അത്യാധുനിക കെട്ടിട സമുച്ചയത്തിന്റെ ശിലാഫലകം ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അനാച്ഛാദനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച ശേഷമായിരുന്നു ചടങ്ങ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ മാത്രം 71 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്നുവരുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയാണ് എല്ലാ സ്‌കൂളുകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
32 ഹൈടെക് ക്ലാസ് റൂമുകള്‍, കിച്ചണ്‍ കം ഡൈനിങ് ഹാള്‍, ഓഡിറ്റോറിയം എന്നിവയാണ് ഇളമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച ബഹു നിലമന്ദിരത്തിലുള്ളത്. മനോഹരമായ പ്രവേശനകവാടവും ഒരുക്കിയിട്ടുണ്ട്. നിലവില്‍ അഞ്ചു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകളിലായി 1,400 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കിഫ്ബിയില്‍ നിന്നുള്ള 5 കോടി രൂപയും ഡെപ്യൂട്ടി സ്പീക്കറുടെ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.2 കോടിയുമടക്കം 6.2 കോടി രൂപ ചെലവഴിച്ചാണ് പുതിയ വിദ്യാലയ സമുച്ഛയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ബഹുനില ലാബ് മന്ദിര നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
അടുത്തഘട്ടത്തില്‍ അത്യാധുനിക സംവിധാനത്തോടെയുള്ള ലാബ്, ലൈബ്രറി മന്ദിരങ്ങള്‍, വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനം, വിവിധ കായിക ഇനങ്ങള്‍ പരിശീലിപ്പിക്കാവുന്ന കളിസ്ഥലം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ജൈവവൈവിധ്യ പാര്‍ക്ക്, സോളാര്‍ പാനല്‍, കലാപഠനകേന്ദ്രം തുടങ്ങിയവയും സ്‌കൂളില്‍ നിര്‍മിക്കും.
ചടങ്ങില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക, ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലന്‍ നായര്‍, മുദാക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു, ജനപ്രതിനിധികള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റ്റി.അനില്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു.