കൊല്ലം: ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്തമാക്കി പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ വരുംതലമുറയെ മുന്നോട്ടു നയിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ  കേന്ദ്രങ്ങളാക്കുന്ന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 111 ഹൈടെക്  സ്‌കൂളുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനായി.

സാധാരണക്കാരുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധയിടങ്ങളില്‍ വിദ്യാലയങ്ങള്‍ ഹൈടെക് ആയി മാറി. പൊതുവിദ്യാഭ്യാസ രംഗത്ത് ഉണ്ടായ മാറ്റം സമൂഹത്തെയാകെ മുന്നോട്ടു നയിക്കുകയാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമാണ്. ഇവരുടെ മക്കളും ലോകോത്തര നിലവാരമുള്ള വിദ്യാലയങ്ങളില്‍ എത്തുന്ന മാറ്റത്തിന് ഇക്കാലയളവില്‍ നാം സാക്ഷികളായി.

എല്ലാ പൊതു വിദ്യാലയങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്നവയാകണം എന്ന സര്‍ക്കാര്‍ സ്വപ്നമാണ് സഫലമാകുന്നത്.   പൊതുവിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഭാവി കേരളമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി ടി എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി.

ചവറ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങിന്റെ പ്രദേശിക ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സാധാരണക്കാരന്റെ മക്കള്‍ക്ക് അപ്രാപ്യമായ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം സാധ്യമാക്കുക വഴി വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയം കണ്ടതായി സംസ്ഥാനത്ത് സര്‍ക്കാര്‍ സ്‌കൂളുകള്‍ സാക്ഷ്യപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഗോപന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.  കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപയും, എന്‍ വിജയന്‍ പിള്ള എം എല്‍ എയുടെ ഫണ്ടില്‍ നിന്ന് 30 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് നല്‍കിയ പത്ത് ലക്ഷം രൂപയുമാണ് ഉദ്ഘാടനം ചെയ്ത ബഹുനില മന്ദിരത്തിനായി ചിലവഴിച്ചത്. ആധുനിക സൗകര്യങ്ങളോടു കൂടിയ ലാബ്, ക്ലാസ് മുറികള്‍ എന്നിവയാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. സ്‌കൂളിലെ 35 ക്ലാസ് മുറികള്‍ പദ്ധതിയുടെ ഭാഗമായി നേരത്തെ ഹൈടെക്കാക്കിയിരുന്നു.

ഗ്രാമീണ മേഖലയിലെ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് പരിശ്രമിച്ച മുന്‍ എംഎല്‍എ അന്തരിച്ച എന്‍. വിജയന്‍പിള്ളയ്ക്ക് ചടങ്ങില്‍ ആദരം അര്‍പ്പിച്ചു. മകന്‍ ഡോ. സുജിത്ത് വിജയന്‍പിള്ള ആദരം ഏറ്റുവാങ്ങി.
പി ടി എ പ്രസിഡന്റ് ജ്യോതികുമാര്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജെ. ഷൈല,  ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം സി പി സുധീഷ് കുമാര്‍, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ഷമി, ഗ്രാമപഞ്ചായത്ത് അംഗം ലിന്‍സി ലിയോണ്‍സ്,  പി ടി എ അംഗങ്ങള്‍, അധ്യാപകര്‍, അനധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.