മലപ്പുറം: അദാലത്ത് വേദിയില്‍ വയോധികര്‍ക്കും അസുഖബാധിതകര്‍ക്കും അവശ്യഘട്ടത്തില്‍ വൈദ്യസഹായം നല്‍കാന്‍ സൗകര്യങ്ങളൊരുക്കി ആരോഗ്യവകുപ്പ്. ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, രണ്ട് സ്റ്റാഫ് നഴ്‌സുമാര്‍ എന്നിവരുടെ സേവനമുള്ള ആരോഗ്യവകുപ്പിന്റെ കൗണ്ടറില്‍ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി മരുന്നും നല്‍കി. പ്രാഥമിക പരിശോധനയ്ക്ക് ഒരുക്കിയ കൗണ്ടറിന് പുറമെയാണ് ചികിത്സയും മരുന്നും നല്‍കാന്‍ സംവിധാനമൊരുക്കിയത്. വിശദ ചികിത്സ വേണ്ടി വന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രോഗികളെ കൊണ്ടുപോകാന്‍ രണ്ട് ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലെ ഡോ. ടി.റെന, സ്റ്റാഫ് നഴ്‌സുമാരായ ദീപ്തി ദേവ്, ജിലു, ഫാര്‍മസിസ്റ്റ് സിത്താര എന്നിവരാണ് ചുമതലയിലുണ്ടായിരുന്നത്. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അഹമ്മദ് അഫ്‌സല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം.വേലായുധന്‍ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ആരോഗ്യവകുപ്പിന്റെ സേവനം.
