കണ്ണൂർ:നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ ഇത്തവണ ഒരുങ്ങുന്നത് 3137 പോളിങ്ങ് ബൂത്തുകള്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1858 ബൂത്തുകളാണ് ഉണ്ടായിരുന്നത്. 1279 ഓക്‌സിലറി ബൂത്തുകള്‍ ഈ തെരഞ്ഞെടുപ്പില്‍ അധികമായി ഉണ്ടാകും. കൊവിഡ് സാഹചര്യത്തില്‍ ആയിരത്തിലധികം വോട്ടര്‍മാരുള്ള ബൂത്തുകള്‍ വിഭജിക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കുന്നത്. തെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അവതരിപ്പിച്ചതാണ് ഈ കണക്കുകള്‍.

ഓരോ ബൂത്തിലും അഞ്ച് പോളിങ്ങ് ഉദ്യോഗസ്ഥരാണ് ഉണ്ടാവുക. 1279 അധിക ബൂത്തുകള്‍ കൂടി വന്നതോടെ 20 ശതമാനം റിസര്‍വ്വ് ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേരെ പോളിങ്ങ് ഡ്യൂട്ടിക്ക് മാത്രം നിയോഗിക്കേണ്ടി വരും. ഇതിനു പുറമെ, സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ടും കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി നല്‍കേണ്ടതായി വരും.
ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും വെള്ളം, വൈദ്യുതി, ഫര്‍ണിച്ചര്‍, ടോയ്‌ലെറ്റ്, റാംപ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്ന് വരണാധികാരികള്‍ ഉറപ്പാക്കണമെന്നും ഇതിനായി ഇപ്പോള്‍ തന്നെ പരിശോധന നടത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുണ്ടാവും.  ചാലയിലുള്ള ചിന്‍മയ ഇന്‍സ്റ്റിറ്റ്യൂട്ട്, ചിന്‍ടെക്, തളിപ്പമ്പ് സര്‍സയ്യിദ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു വിഭാഗം വോട്ടര്‍മാര്‍ക്ക് സ്‌പെഷ്യല്‍ തപാല്‍ വഴി വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വോട്ടര്‍പട്ടികയില്‍ രേഖപ്പെടുത്തിയ ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുഡി വോട്ടര്‍മാര്‍), 80 വയസ്സിനു മുകളിലുള്ളവര്‍, കൊവിഡ് ബാധിതര്‍, ക്വാറന്റൈനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്കുമാണ് തപാല്‍ ബാലറ്റുകള്‍ വഴി വോട്ട് ചെയ്യാനാവുക. ഇവരില്‍ അപേക്ഷ നല്‍കുന്നവര്‍ക്കു മാത്രമായിരിക്കും തപാല്‍ വോട്ടിന് അവസരം. അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കും.
വോട്ടര്‍ ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ സവിശേഷമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. സമാധാനപരമായ തെരഞ്ഞെടുപ്പ് എന്നതായിരിക്കും ജില്ലയിലെ സ്വീപ് മുദ്രാവാക്യം. ഭിന്നശേഷിക്കാര്‍, ഭിന്നലിംഗക്കാര്‍, ട്രൈബല്‍ കോളനികളിലുള്ളവര്‍ തുടങ്ങിയവരെ പരമാവധി വോട്ട് ചെയ്യിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണ നടപടികളും സ്വീപ്പിന്റെ ഭാഗമായി നടപ്പിലാക്കും.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മുതലുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഓണ്‍ലൈനായി ചെയ്യുന്നതിനുള്ള സംവിധാനമുണ്ടെന്നും അവ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തുന്നതിനും തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമാക്കുന്നതിനുമുള്ള നപടികള്‍ പുരോഗമിക്കുകയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, വരണാധികാരികള്‍, തഹസില്‍ദാര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.