കെ-ഫോൺ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഉദ്ഘാടനം 15 ന് വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ആദ്യ ഘട്ടത്തിൽ ഏഴ് ജില്ലകളിലെ 1000 സർക്കാർ സ്ഥാപനങ്ങൾക്കാണ് കണക്ടിവിറ്റി നൽകുന്നത്. വൈദ്യുത മന്ത്രി എം.എം മണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, ഊർജ സെക്രട്ടറി സൗരഭ് ജയിൻ, ഐ.ടി സെക്രട്ടറി കെ. മുഹമ്മദ് വൈ സഫിറുള്ള, കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ് പിള്ള, ഭെൽ ചെയർമാൻ എം. വി ഗൗതമ, റെയിൽടെൽ ചെയർമാൻ പുനീത് ചൗള, കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി ഡോ. ജയശങ്കർ പ്രസാദ് സി എന്നിവർ പങ്കെടുക്കും.