കൊല്ലം: ജന്മനാ ശാരീരിക വൈകല്യങ്ങള്‍ വേട്ടയാടുന്ന സീനത്തിനെ സഹോദരി സലീന എടുത്തുകൊണ്ടാണ് കരുനാഗപ്പള്ളി ലോര്‍ഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്ന അദാലത്തിലേക്ക് എത്തിയത്. പരസഹായമില്ലാതെ ചലിക്കുവാന്‍ പോലും കഴിയാത്ത സീനത്തിന് കരുതലാകുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത്.
കരുനാഗപ്പള്ളി തഴവ സ്വദേശി 32 കാരി സീനത്തിനെ കണ്ടയുടന്‍ തന്നെ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സഹോദരിയോട് കാര്യങ്ങള്‍ തിരക്കി. സീനത്തിന്റെ അവസ്ഥ അറിഞ്ഞ മന്ത്രി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ചികിത്സാ ധനസഹായം 25000 രൂപ അനുവദിക്കുകയായിരുന്നു.
സീനത്തിന്റെ ബാപ്പ ഏഴ് വര്‍ഷം മുന്‍പ് മരണപ്പെട്ടു. നടക്കാന്‍ ബുദ്ധിമുട്ടുള്ള ഉമ്മയ്ക്ക് ഒപ്പം സഹോദരന്റെ വീട്ടിലാണ് ഇവര്‍ കഴിയുന്നത്. സര്‍ക്കാരില്‍ നിന്ന് കിട്ടുന്ന ക്ഷേമപെന്‍ഷനാണ് ഇവര്‍ക്കുള്ള ഏക ജീവിതമാര്‍ഗം.
അപേക്ഷയുമായി എത്തിയ തന്റെ സഹോദരിയുടെ അവസ്ഥ കണ്ടറിഞ്ഞു പരിഹാരം നിര്‍ദ്ദേശിച്ച മന്ത്രിയുയുടെയും സര്‍ക്കാരിന്റെയും കരുതലിനോട് സ്‌നേഹവും നന്ദിയും രേഖപ്പെടുത്തിയാണ് സഹോദരിമാര്‍ മടങ്ങിയത്.
