കൊല്ലം: അയല്ക്കാരാണ് ഞങ്ങള്‍, പക്ഷേ മൂന്ന് പേര്‍ക്കും സ്വന്തം ഭൂമിയില്ലായിരുന്നു. നബീസ ബീവി പറഞ്ഞു തുടങ്ങി. ഇരുപത് വര്‍ഷത്തിന് ശേഷം സ്വന്തം ഭൂമിയെന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് അയല്‍ക്കാരായ മൂന്ന് സ്ത്രീകള്‍. ഇനിയും അയല്‍ക്കാരായി തന്നെ തുടരാന്‍ കഴിഞ്ഞതിന്റെ സന്തോഷം മൂന്ന് പേരുടെ കണ്ണിലും കാണാം.
നബീസ ബീവി, സജീല ഹമീദ് കുഞ്ഞ്, നിസാമണി എന്നീ അയണിവേലികുളങ്ങര സ്വദേശികള്‍ വലിയ സന്തോഷത്തിലാണ് അദാലത്തില്‍ പങ്കെടുത്ത് മടങ്ങിയത്. കരുനാഗപ്പള്ളിയില്‍ നടന്ന അദാലത്തില്‍ മന്ത്രി ജെ മേഴ്സികുട്ടിയമ്മ നേരിട്ടാണ് മൂവര്‍ക്കും പട്ടയം നല്‍കിയത്.
ഇരുപത് വര്‍ഷം മുന്‍പ് അയണിവേലികുളങ്ങരയിലെ പതിനൊന്ന് പേര്‍ സ്വന്തമായി ഭൂമി ലഭിക്കാനായി ശ്രമം തുടങ്ങി. ഒരു വര്‍ഷം മുന്‍പ് ജില്ലയില്‍ നടന്ന മറ്റൊരു അദാലത്തില്‍ എട്ട് പേര്‍ക്ക് പട്ടയം ലഭിച്ചെങ്കിലും മൂന്ന് പേര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാനായില്ല. ഇവര്‍ക്കാണ് കരുനാഗപ്പള്ളി അദാലത്തിലൂടെ പട്ടയം ലഭിച്ചത്. നബീസ ബീവിക്ക് 34 ഉം സജീലയ്ക്ക് 13 ഉം നിസാമണിക്ക് 13 ഉം സെന്റ് വീതമാണ് പട്ടയത്തിലൂടെ സ്വന്തമായത്.
ഓഫീസുകള്‍ കയറിയിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ഒടുവില്‍ പട്ടയം ലഭിച്ച സന്തോഷത്തില്‍ സര്‍ക്കാരിന് നന്ദി പറഞ്ഞാണ് മൂവരും മടങ്ങിയത്.
ഇവര്‍ക്കൊപ്പം കല്ലേലിഭാഗം സ്വദേശി നടരാജനും അദാലത്തിലൂടെ പട്ടയം ലഭിച്ചു. 2015 മുതല്‍ നടത്തിയ നിരന്തര പരിശ്രമത്തിന് ഒടുവില്‍ മൂന്ന് സെന്റ് ഭൂമി നടരാജനും സ്വന്തമായി.
