എറണാകുളം: സംസ്ഥാന സർക്കാരിന്റെ സാന്ത്വന സ്പർശം 2021 പരാതി പരിഹാര വേദിയിൽ റേഷൻ കാർഡിനായുള്ള അപേക്ഷകളിൽ സത്വര നടപടികളുമായി സിവിൽ സപ്ലൈസ് വകുപ്പ് കൊച്ചി, കണയന്നൂർ താലൂക്കുകളിൽ നിന്നായി റേഷൻ കാർഡുമായി ബന്ധപ്പെട്ട് മുൻകൂട്ടി ലഭിച്ച 294 അപേക്ഷകളിലും വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.

കൊച്ചി താലൂക്ക് സപ്ലൈ ഓഫീസിലാണ് ഏറ്റവുമധികം പരാതികൾ ലഭിച്ചത്. 232 പരാതികൾ. അദാലത്തിന്റെ ഭാഗമായി അർഹരായ 47 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു. ഉച്ചവരെ റേഷൻ കാർഡിനായുള്ള 48 പുതിയ അപേക്ഷകളിൽ നടപടി സ്വീകരിക്കുകയും 10 റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. എറണാകുളം ടൗൺ ഹാളിൽ നടന്ന സാന്ത്വന സ്പർശം 2021 അദാലത്തിന് മന്ത്രിമാരായ ഇ.പി ജയരാജൻ, ജി. സുധാകരൻ, വി.എസ് സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.