ഇടുക്കി: കാത്തിരിപ്പിന് വിരാമമിട്ട് ഏഴാമത് പട്ടയമേള നെടുങ്കണ്ടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ ആയി ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ അധികാരത്തിൽ വന്നപ്പോൾ വലിയ മുൻഗണനയാണ് പട്ടയം നൽകുന്നതിൽ കാണിച്ചത്. രണ്ടു ലക്ഷത്തോളം പേർക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ട്. ഇത് സർവകാല റെക്കോർഡാണ്. എന്നാലിതിൽ സർക്കാർ തൃപ്തരല്ലെന്നും ഇനിയും തുടർന്ന് പട്ടയം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പട്ടയമേളയ്ക്ക് അധ്യക്ഷത വഹിച്ചു റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞു. കാലങ്ങളായി ഭൂമിയുടെ ഉടമസ്താവകാശം നിഷേധിക്കപ്പെട്ട ആളുകൾക്ക് പട്ടയം നൽകുന്നതിന് മുൻഗണന നൽകി. ഇതിനു വേണ്ടി പ്രയന്തിച്ച എല്ലാ ഉദ്യോഗസ്ഥരും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രാദേശികമായി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പരിപാടിയിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് എന്നിവർ ചേർന്ന് പട്ടയങ്ങൾ നൽകി. ഉടുമ്പഞ്ചോല താലൂക്കിൽ നിന്നും ലക്ഷം വീട് പദ്ധതി പ്രകാരം അനുവദിച്ച പട്ടയം രാജൻ മന്ത്രിയിൽ നിന്നും ഏറ്റു വാങ്ങി.
ഇടുക്കിയിൽ ഇതുവരെ 35095 പേർക്കാണ് പട്ടയം നൽകിയത്. 6008 പട്ടയത്തിന്റെ നടപടികൾ പൂർത്തിയായി. അതിൽ നിന്ന് 3275 പേർക്കാണ് നെടുങ്കണ്ടത്ത് വെച്ച് പട്ടയം നൽകിയത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണ, ആർഡിഒ അനിൽ ഉമ്മൻ തുടങ്ങിയവർ പങ്കെടുത്തു.

ജില്ലയിലെ 1971 മുൻപ് കുടിയേറ്റത്തിന് വിധേയമായതും ആദിവാസി സെറ്റിൽമെൻറ് പട്ടികവർഗ്ഗ പട്ടികജാതി വിഭാഗക്കാരുടെ ഉൾപ്പെടെയുള്ള കൈവശഭൂമിക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തിൽ ജില്ലാ ഭരണകൂടവും സർക്കാരും പ്രത്യേക പരിഗണന നൽകിയിരുന്നു.
തൊടുപുഴ ഇടുക്കി താലൂക്കുകളിൽ ഉൾപ്പെടുന്ന ഇരുപത്തയ്യായിരത്തിൽപരം കൈവശക്കാർക്ക് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ പട്ടയം അനുവദിക്കുന്ന നടപടികൾ പുരോഗമിച്ചു വരുന്നു.

ജില്ലയിലെ വിവിധ കോളനികളിൽ താമസിക്കുന്നവരുടെ ഭൂമിക്ക് പട്ടയം നൽകുന്നതിന് ജില്ലാഭരണകൂടം പ്രത്യേക പരിഗണന നൽകിയിട്ടുണ്ട്. കൊലുമ്പൻ കോളനി ചെന്നിനായ്ക്കൻ കുടി തുടങ്ങി ജില്ലയിലെ നിരവധി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായുള്ള കോളനികളിൽ പട്ടയം നൽകുന്നതിനുള്ള നടപടികൾ ഈ സർക്കാരിന്റെ കാലഘട്ടത്തിൽ പൂർത്തീകരിക്കാൻ സാധിച്ചുവെന്നത് ജില്ലയ്ക്ക് അഭിമാനമായി നേട്ടമാണ്.

കാലങ്ങളായി പട്ടയം ലഭിക്കാതിരുന്ന കട്ടപ്പന വില്ലേജിലെ വട്ടുക്കുന്നേൽപടി പഞ്ചായത്ത് കോളനിയിലെ കൈവശക്കാർക്കും ഈ മേളയിൽ പട്ടയം നൽകി. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ 7 ചെയ്ൻ മേഖലകളിലെ പതിവ് നടപടികൾ അന്തിമ ഘട്ടത്തിലാണ്. 3 ചെയ്ൻ മേഖലകളിലെ കൈവശക്കാർക്ക് കൂടി പട്ടയം അനുവദിക്കുന്നത് സർക്കാരിന്റെ പരിഗണനയിലാണ്.
വിതരണം ചെയ്യുന്ന പട്ടയത്തിനൊപ്പം വസ്തുവിന്റെ അസ്സൽ സ്കെച്ച് കൂടി ഭൂവുടമകൾക്ക് നൽകും.

1964ലെ ഭൂമി പതിവ് ചട്ടങ്ങൾ 2450, 1993ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങൾ 539, എൽ ടി ക്രയസർട്ടിഫിക്കറ്റ് 33, മുനിസിപ്പൽ ഭൂമി പതിവ് ചട്ടങ്ങൾ 4, വനാവകാശ രേഖ 200, ഹൈറേഞ്ച് കോളനൈസേഷൻ സ്കീം പ്രകാരം 90 എന്നിങ്ങനെ 3275 പട്ടയങ്ങളാണ് നെടുങ്കണ്ടത്ത് വിതരണം ചെയ്തത്.

പട്ടയ വിതരണ ഓഫീസ്, എണ്ണം എന്നീ ക്രമത്തിൽ

മുരിക്കശ്ശേരി എൽഎ 135
രാജകുമാരി എൽഎ 70
നെടുങ്കണ്ടം എൽഎ 182
കട്ടപ്പനയി എൽഎ 221
പീരുമേട് എൽഎ 5
കരിമണ്ണൂർ എൽഎ 712
ഇടുക്കി എൽഎ 186
ഇടുക്കി താലൂക്ക് 1006
തൊടുപുഴ താലൂക്ക് 104
ദേവികുളം താലൂക്ക് 258
ഉടുമ്പൻചോല താലൂക്ക് 73
പീരുമേട് താലൂക്ക് 33.
ആകെ – 3275.

#ഇനിയുംമുന്നോട്ട്