തൃശ്ശൂർ: മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അഗ്രോ സർവ്വീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുംഭവിത്ത് മേളയ്ക്ക് ആവേശകരമായ തുടക്കം. കോവിഡ് കാലത്തിന് ശേഷം ആദ്യമായി നടത്തുന്ന കാർഷിക മേളയിൽ കിഴങ്ങു വർഗ വിളകളുടെയും ഇഞ്ചി, മഞ്ഞൾ വിളകളുടെയും മറ്റ് നടീൽ വസ്തുക്കളുടെയും ഉൽപ്പാദന ഉപാധികളുടെയും പ്രദർശനവും അതോടൊപ്പം വിൽപനയുമുണ്ട്. രണ്ട് ദിവസങ്ങളിലായി നടത്തുന്ന കുംഭവിത്ത് മേളയിൽ കാർഷിക സെമിനാറും സംഘടിപ്പിച്ചിരിക്കുന്നു.മതിലകം അഗ്രോ സർവീസ് സെന്ററിന്റെ വികസനത്തിന്റെ ഭാഗമായാണ് മുമ്പ് വിത്ത് മേള സംഘടിപ്പിച്ചിരിക്കുന്നത്. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ നടത്തുന്ന കുംഭവിത്ത് മേളയിൽ ചേന, ചേമ്പ്, കാച്ചിൽ, മധുര കിഴങ്ങ്, മഞ്ഞൾ, ഇഞ്ചി എന്നിവയുടെ വിവിധ ഇനങ്ങളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
കാച്ചിലിന്റെ വേറിട്ട ഇനങ്ങളായ നീല, ഇഞ്ചി, വെള്ളത്തൂണൻ, പനച്ചിക്കോടൻ എന്നിവയും, ചേന ഇനങ്ങളായ ഗജേന്ദ്ര, കുഴി മുണ്ടൻ, ശ്രീ ആതിര, ശ്രീപത്മം തുടങ്ങിയവയും, ചേമ്പിൽ കപ്പ, ശീമ, പാൽ, ചെറു ചേമ്പ് തുടങ്ങിയ വിവിധ ഇനങ്ങളും പ്രദർശനത്തിലുണ്ട്.കുംഭ വിത്ത് മേളയുടെ ഉദ്ഘാടനവും കാർഷിക ഉപകരണങ്ങളുടെ വിതരണവും ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ പഞ്ചായത്ത് ഈ പഞ്ചായത്ത് പ്രസിഡൻറുമാർ, ബ്ലോക്ക്-പഞ്ചായത്ത് അംഗങ്ങൾ, പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് ബിജു, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി പി ബിന്ദു, അഗ്രോ സർവ്വീസ് സെന്റർ പ്രസിഡന്റ് ടി ബി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.