തൃശ്ശൂർ: ഒറ്റപ്പെട്ട ജീവിതം. താമസിക്കുന്ന കൂരയ്ക്ക് അടച്ചുറപ്പുള്ള വാതിലുകളോ സുരക്ഷിതത്വമോ ഒന്നുമില്ല. കെട്ടുറുപ്പുള്ള വീട് മഹാപ്രളയത്തിൽ വെള്ളം കയറി നശിച്ചു. പ്രായാധിക്യം മൂലം ശാരീരിക ബുദ്ധിമുട്ടുകൾ ഏറെ. ഏകാശ്രയം സാമൂഹിക സുരക്ഷാ പെൻഷന്റെ ഭാഗമായി ലഭിക്കുന്ന 1500 രൂപ. പൂമംഗലം കോമ്പാത്ത് വീട്ടിലെ അംബിക എന്ന അറുപത്തിരണ്ടുകാരിയുടെ ജീവിതം ഇന്നലെ വരെ ഇങ്ങനെയായിരുന്നു. എന്നാൽ സ്ഥിതി മാറി. കെയർ ഹോം പദ്ധതി മാറ്റി മറിച്ചുവെന്ന് വേണം പറയാൻ.

വിധവയും സഹോദരങ്ങളുടെ തണലിൽ കഴിയുന്നതുമായ അംബികയ്ക്ക് കെയർ ഹോമിന്റെ സംരക്ഷണത്തിൽ പൂമംഗലത്ത് വീടൊരുങ്ങുകയാണ്. വീടിന്റെ തറക്കല്ലിടൽ കർമ്മം പ്രൊഫ കെ യു അരുണൻ എംഎൽഎ നിർവ്വഹിച്ചു. ജില്ലയിൽ ഇരിങ്ങാലക്കുടയിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിലാണ് പ്രളയത്തിൽ നഷ്ടപ്പെട്ട വീടിന് പകരം പുതിയൊരു വീട് നിർമിച്ചു നൽകണമെന്ന ആവശ്യവുമായി അംബിക തദ്ദേശ വകുപ്പ് മന്ത്രി എ സി മൊയ്തീന് മുന്നിലെത്തുന്നത്. അംബികയുടെ പരാതിയിൽ ഉടൻ പരിഹാരം കാണാൻ മന്ത്രി നിർദ്ദേശിച്ചു. ജില്ലാ കലക്ടർ എസ് ഷാനവാസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് വേണ്ടത്ര നിർദേശങ്ങൾ നൽകി. ഇതിനെ തുടർന്നാണ് കെയർ ഹോം പദ്ധതിയിൽ അംബികയ്ക്ക് വീട് ഒരുങ്ങുന്നത്.

പൂമംഗലം പഞ്ചായത്തിലെ ഒന്നാം വാർഡിൽ കനാൽ പാലം പടിഞ്ഞാറ് ഭാഗത്ത് അംബികയ്ക്ക് സ്വന്തമായുള്ള അഞ്ച് സെൻ്റ് സ്ഥലത്താണ് വീട് നിർമ്മിക്കുന്നത്. വീടിന്റെ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾക്ക് ജില്ലാ ഭരണകൂടത്തിൻ്റെ സഹായം ഉറപ്പാക്കുമെന്ന് ജില്ല കലക്ടർ എസ് ഷാനവാസ് ഉറപ്പ് നൽകി. പൂമംഗലം സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹകരണത്തോടെ 400 സ്ക്വയർ ഫീറ്റോട് കൂടിയ വീടാണ് നിർമിച്ച് നൽകുന്നത്.

പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കവിതാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുരേഷ് അമ്മനത്ത്, ജോയിൻ്റ് രജിസ്ട്രാർ എം ശബരിദാസ്, അസിസ്റ്റൻറ് രജിസ്ട്രാർ എം സി അജിത്ത്, വില്ലേജ് ഓഫീസർ പി പ്രമീള, പൂമംഗലം സഹകരണ ബാങ്ക് പ്രസിഡൻ്റ് പി ഗോപിനാഥൻ, സഹകരണ ബാങ്ക് ബോർഡ് അംഗം ഷിജു രാജീവ് എന്നിവർ പങ്കെടുത്തു.