വയനാട്: ജില്ലയില്‍ രണ്ടുദിവസമായി നടന്ന സാന്ത്വന സ്പര്‍ശം അദാലത്തില്‍ അവിശ്രമം കര്‍മ്മനിരതരായി കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പുകള്‍. പനമരം ,കല്‍പ്പറ്റ എന്നിവിടങ്ങളിലായി നടന്ന അദാലത്തില്‍ നൂറ് പേരാണ്‌ വിജിലന്റ് ഗ്രൂപ്പില്‍ നിന്നും വളണ്ടിയറായി പ്രവര്‍ത്തിച്ചത്. അദാലത്തിലേക്ക് വരുന്ന വരെ അതതു കൗണ്ടറുകളിലേക്ക് വഴികാട്ടുന്നതു മുതല്‍ വീല്‍ചെയറില്‍ മന്ത്രിമാരുടെ അരികിലേക്ക് എത്തിക്കുന്നത് വരെയുള്ള സേവനങ്ങളില്‍ ഇവര്‍ സജീവമായിരുന്നു. ചുവപ്പും നീലയും യൂണിഫോമണിഞ്ഞ സ്ത്രീകളുടെ സംഘം ശാരീരികവൈകല്യ മുള്ളവരെയും വയോജനങ്ങളെയും അദാലത്ത് വേദിയില്‍ സഹായിക്കാന്‍ എവിടെയുമുണ്ടായിരുന്നു.

വേദിയില്‍തിരക്ക് കൂടിയപ്പോഴും കോവിഡ് മാനദണ്ഡങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ സൂഷ്മത പുലര്‍ത്താന്‍ ഇവര്‍ കാര്യക്ഷമമായി ഇടപെട്ടു. വിട്ടുവീഴ്ചയില്ലാതെ സാനിറ്റൈസര്‍ അടക്കം അദാലത്തില്‍ എത്തുന്നവര്‍ക്ക് നല്‍കാന്‍ ഇവരുണ്ടായിരുന്നു. അദലാത്തില്‍ പങ്കെടുക്കാനെത്തിയ ശാരീരികമായി അവശതയുള്ളവരെ തിരികെ മടങ്ങുന്നത് വരെ സഹായിക്കാനുള്ള ഉത്തരവാദിത്തം വളരെ ആവേശത്തോടെയാണ് ഈ സ്ത്രീ കൂ്ട്ടായ്മ ഏറ്റെടുത്തത്. യാതൊരു പ്രതിഫലവുമില്ലാതെയാണ്‌ സേവനസന്നദ്ധരായി ഈ കൂട്ടായ്മ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്. ജില്ലയില്‍ എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പുകളുടെ സേവനമുണ്ട് .

ഒരുവാര്‍ഡില്‍ നിന്നും പത്ത് മുതല്‍ പതിനഞ്ച് വരെയുള്ളവരാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. ജില്ലയിലെ 1038 വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 130 പേരാണ് ആദ്യഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ഇതില്‍ നിന്നും നൂറ് പേരെയാണ്‌ സാന്ത്വന സ്പര്‍ശം അദാലത്തില്‍ വളണ്ടിയര്‍മാരായി നിയോഗിച്ചത്. കോവിഡ്കാലത്ത് ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ അണുമുക്തമാക്കാനും മറ്റുമായി ഇവര്‍ മുന്നിലുണ്ടായിരുന്നു. യോഗ, കാരാട്ടെ, കളരി എന്നിങ്ങനെയുള്ള സ്വയം പ്രതിരോധ ആയോധന മുറകളിലും ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.