പത്തനംതിട്ട: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേശ്മ മറിയം റോയി സാന്ത്വന സ്പര്‍ശം അദാലത്തിലെത്തിയത് കാട്ടാത്തി ഗിരിജന്‍ കോളനിയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായാണ്. തദ്ദേശ സ്വയം ഭരണവകുപ്പുമന്ത്രി എ.സി മൊയ്തീനോട് തന്റെ പഞ്ചായത്തിന്‍ കീഴിലുള്ള 50ല്‍ അധികം ആളുകള്‍ 29 കുടുംബങ്ങളിലായി താമസിക്കുന്ന കാട്ടാത്തികോളനിയിലെ കുടിവെള്ള പ്രശ്‌നത്തിനെ സംബന്ധിച്ച് അറിയിക്കുകയും അപേക്ഷ നല്‍കുകയും ചെയ്തു. ഊരുമൂപ്പന്‍ മോഹന്‍ദാസിന്റെ അപേക്ഷയാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മന്ത്രിക്ക് നേരിട്ട് കൈമാറിയത്. രാജു എബ്രഹാം എം.എല്‍.എ മന്ത്രിയോടു കാട്ടാത്തി കോളനി നിവാസികളുടെ ദുരിതം വിശദീകരിച്ചു.

കോളനിയിലെ കുടുംബങ്ങള്‍ ഒരുദിവസം 300 രൂപയുടെ കുടിവെള്ളം ഇപ്പോള്‍ വിലകൊടുത്തു വാങ്ങിയാണ് ഉപയോഗിക്കുന്നത്. കോളനിക്ക് രണ്ട് കിലോമീറ്റര്‍ മാറിയുള്ള വറ്റാത്ത തോട്ടില്‍ നിന്നും കിണര്‍കുഴിച്ച് വെള്ളം സംഭരിച്ച് കോളനിയിലേക്ക് പമ്പ് ചെയ്യാനുള്ള സാധ്യതകളാണ് പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്ത് അംഗമായ വി.കെ രഘുവും മുന്നോട്ടുവച്ചത്. ജില്ലാ പഞ്ചായത്തിന്റെ ടി.എസ്.പി ഫണ്ടുപയോഗിച്ച് അടിയന്തരമായി പ്രവര്‍ത്തികള്‍ തുടങ്ങാന്‍ മന്ത്രി നിര്‍ദേശം നല്‍കി.സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാണ് രേശ്മ.