പത്തനംതിട്ട: ജില്ലയില്‍ സാന്ത്വന സ്പര്‍ശം അദാലത്തിലെ ആദ്യദിനം കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലായി പരിഹരിച്ചത് 2133 അപേക്ഷകളാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കോന്നി, റാന്നി താലൂക്കുകളുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചെറിയ ചില കാര്യങ്ങള്‍ കൊണ്ട് പ്രതിസന്ധിയിലായവരുടെ ജീവിതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദാലത്തിലൂടെ കഴിയുന്നുണ്ട്. റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനുള്ള അപേക്ഷകള്‍, ചികിത്സാ സഹായങ്ങള്‍, വീട് ലഭ്യമാക്കാനുള്ള അപേക്ഷകള്‍ തുടങ്ങിയവയാണു കൂടുതലായും ലഭിച്ച പരാതികള്‍. പൊതുജനങ്ങള്‍ക്കായി ആവശ്യമുള്ള വിവിധ വകുപ്പുകളുടെ സഹായം അദാലത്തില്‍ ലഭ്യമാണ്. ജില്ലാ കളക്ടര്‍മാരുടെ താലൂക്ക്തല അദാലത്തുകള്‍ നടന്നുവരുന്നുണ്ടെങ്കിലും മന്ത്രിമാരുടെ സാന്നിധ്യം ആവശ്യമുള്ള പരാതികളും നിലനില്‍ക്കുന്നു എന്ന് സര്‍ക്കാര്‍ മനസിലാക്കിയതിനാലാണ് ഇത്തരത്തില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് സംഘടിപ്പിച്ചത്.

നിയമപരമായി പരിഹരിക്കേണ്ട ചില പരാതികര്‍ക്കു മാത്രമാണ് അല്‍പം താമസമുണ്ടാകുക. അതൊഴികെയുള്ള എല്ലാ പരാതികളും തീര്‍പ്പാക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഫെബ്രുവരി ഒന്ന് മുതല്‍ ആരംഭിച്ച അദാലത്ത് വിവിധ ജില്ലകളിലായി 18 വരെ നടക്കുകയാണ്. ചില ജില്ലകളില്‍ അദാലത്ത് കഴിഞ്ഞു. 18-ാം തീയതിയോടുകൂടി പത്തനംതിട്ടയോടൊപ്പം മറ്റ് ചില ജില്ലകളിലും അദാലത്ത് അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് സെക്രട്ടറി പി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, എസ്.പി: ആര്‍.നിശാന്തിനി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പരിപാടി മികച്ച രീതിയില്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാരുടെ മുടങ്ങിക്കിടക്കുന്ന പരാതികള്‍ അദാലത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ജനങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശം പരിപാടി സഹായകരമാകുമെന്നും ആശംസാ പ്രസംഗത്തില്‍ എം.പി പറഞ്ഞു.
മന്ത്രിമാര്‍തന്നെ സമൂഹത്തിന്റെ താഴേത്തട്ടിലേക്കെത്തി ജനങ്ങളില്‍ നിന്നും നേരിട്ട് പരാതി ശേഖരിച്ച് പരിഹാരം കാണുന്ന സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വന സ്പര്‍ശം അദാലത്ത് ഇതിനോടകം തന്നെ ജനശ്രദ്ധ നേടിക്കഴിഞ്ഞതായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയാണ് ചെയ്തതെന്നും എംഎല്‍എ പറഞ്ഞു