പത്തനംതിട്ട: ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയെന്നു പറയുന്നത് സത്യമാ സാറേ… സാന്ത്വനം സ്പര്‍ശം അദാലത്തിനു വന്നില്ലായിരുന്നെങ്കില്‍ എനിക്ക് ഇത്രയും സഹായം പെട്ടെന്ന് കിട്ടില്ലായിരുന്നു. സര്‍ക്കാരിന് ഒരു പാട് നന്ദിയുണ്ട്… ഇത്രയും പറയുമ്പോള്‍ ബിജു വര്‍ഗ്ഗീസ് സന്തോഷം കൊണ്ട് വിതുമ്പുകയായിരുന്നു. 22 വര്‍ഷം മുന്‍പ് നടന്ന ഒരു വാഹനാപകടത്തിലാണ് ബിജു വര്‍ഗീസിന്റെ നട്ടെല്ലിനു സാരമായ പരുക്കേറ്റത്. പരുക്കിനേ തുടര്‍ന്ന് കാലുകള്‍ക്ക് സ്വാധീനം നഷ്ടപ്പെട്ട് ജീവിതം വീല്‍ചെയറിലേക്കു മാറുകയായിരുന്നു.
ഭാര്യ ജൂബി ജോസഫിന് ആറു വര്‍ഷമായി ബ്രയിന്‍ ട്യൂമറാണ്.അഞ്ചാം ക്ലാസുകാരന്‍ കരോള്‍ ആണ് മകന്‍. ജോലിക്ക് പോകാന്‍ സാധിക്കാത്തതിനാല്‍ തുടര്‍ ചികിത്സക്കും മകന്റെ പഠന ആവശ്യത്തിനും ധനസഹായത്തിനായാണ് ഇവര്‍ മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദാലത്തിനെത്തിയത്. പരാതി കേട്ട മന്ത്രി എ.കെ.ശശീന്ദ്രന്‍ ബിജു വര്‍ഗ്ഗീസിന് അടിയന്തര ചികിത്സാ സഹായമായി 15,000 രൂപയും, ഭാര്യ ജൂബി ജോസഫിന് 10,000 രൂപയും അനുവദിച്ചു. അപേക്ഷയ്‌ക്കൊപ്പം കൊണ്ടുവന്ന എ.പി.എല്‍ റേഷന്‍ കാര്‍ഡ് ശ്രദ്ധയില്‍പ്പെട്ട മന്ത്രി ബി.പി.എല്‍ കാര്‍ഡ് നല്‍കാനുള്ള നടപടിയും സ്വീകരിച്ചാണ് കുടുംബത്തെ യാത്രയാക്കിയത്.