കോട്ടയം: സംസ്ഥാന സർക്കാർ 75 ലക്ഷം രൂപ ചെലവഴിച്ച് കുറിച്ചിയിൽ നിർമ്മിച്ച ഹോമിയോ വകുപ്പിന്‍റെ ജില്ലാ മെഡിക്കൽ സ്റ്റോർ കെട്ടിടത്തിന്‍റെയും എൻ.എ.എം ഫണ്ടിൽ നിന്നും 1.10 കോടി രൂപ ചിലവഴിച്ചു നിര്‍മിച്ച പുതിയ ഒ.പി കെട്ടിടത്തിന്‍റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

3078 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മെഡിക്കല്‍ സ്റ്റോര്‍ കെട്ടിടത്തിൽ രണ്ട് സ്റ്റോർ റൂമുകള്‍, ഓഫീസ്, പായ്ക്കിംഗ് മുറി, മൂന്ന് ടോയ്ലറ്റുകൾ എന്നിവയുണ്ട്. ജില്ലയിലെ ഹോമിയോ ഡിസ്പെൻസറികൾക്ക് വിതരണം ചെയ്യുന്നതിനുള്ള മരുന്നുകളാണ് ജില്ലാ മെഡിക്കൽ സ്റ്റോറിൽ സംഭരിക്കുക.

കുറിച്ചിയില്‍ നടന്ന ചടങ്ങിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടർ ഡോ. എം.എൻ വിജയാംബിക, ഡിഎംഒ ഡോ. വി കെ പ്രിയദർശിനി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ബ്ലോക്ക് – ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.