ആലപ്പുഴ: പൊതു വിതരണത്തിനിടയിൽ ഉണ്ടാകുന്ന ചോർച്ച പൂർണമായും ഒഴിവാക്കുന്നതിന് സപ്ലൈകോയുടെ മേൽനോട്ടത്തിൽ സംസ്ഥാനത്ത് വാഹന ട്രാക്കിങ് മാനേജ്മെൻറ് സിസ്റ്റം തുടങ്ങിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ പറഞ്ഞു. ഭക്ഷ്യധാന്യങ്ങൾ അപഹരണം കൂടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്താനും സുതാര്യത ഉറപ്പു വരുത്താനും ജിപിഎസ് വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം ഏര്‍പ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കളക്ടറേറ്റിൽ വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മന്ത്രി.

എഫ്.സി.ഐ ഗോഡൗൺ, സി എം ആർ മില്ലുകൾ, ഇടക്കാല സംഭരണ സ്ഥലങ്ങളില്‍ നിന്ന് റേഷൻ ഷോപ്പുകളിലേക്കും കാലേകൂട്ടി നിശ്ചയിച്ച റൂട്ടുകളിലൂടെ തന്നെ വാഹനം പോകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനുള്ള ട്രാക്കിങ് സാങ്കേതികവിദ്യയാണ് നടപ്പിലാക്കിയത്. വി എൽ ടി ഉപകരണം ഘടിപ്പിച്ച വാഹനങ്ങൾ ഭക്ഷ്യധാന്യ വിതരണത്തിന് ഉപയോഗിക്കുന്നതുമൂലം അവയുടെ സഞ്ചാര പാത വിദൂര സ്ഥലങ്ങളിൽ നിന്ന് നിരീക്ഷിക്കുന്നതിനും റൂട്ടുകൾ നിശ്ചയിച്ച വഴിയെ വഴി തന്നെയാണ് പോകുന്നത് ഉറപ്പുവരുത്താനും സാധിക്കും.

2016 ല്‍ ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന് രണ്ടുവർഷത്തെ കാലതാമസം നേരിട്ടിരുന്നു. വൈകിയാണ് ആരംഭിച്ചതെങ്കിലും ഒരു രാജ്യം ഒരു റേഷന്‍ കാർഡ്, ആധാർ ബന്ധിപ്പിക്കൽ തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിന് വിജയകരമായി നടപ്പാക്കാനായി. നല്ല ഭക്ഷ്യധാന്യങ്ങൾ ജനങ്ങളിലെത്തിക്കാൻ സാധിച്ചതുകൊണ്ട് 95 ശതമാനം റേഷന്‍ കാര്‍ഡ് ഉടമകളെ റേഷന്‍ കടകളില്‍ എത്തിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. 2016ല്‍ 80 ലക്ഷം റേഷൻ കാർഡുഉടമകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 88.6 ലക്ഷം ആയി ഉയര്‍ന്നു. അപേക്ഷിച്ചാൽ 24 മണിക്കൂറിനകം റേഷൻ കാർഡ് വിതരണം ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. സപ്ലൈകോയാണ് വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റത്തിന്റെ നിയന്ത്രണച്ചുമതല വഹിക്കുന്നത്. ഗോഡൗണുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഗോഡൗണുകളുടെ നവീകരണം സംസ്ഥാനത്ത് നടന്നുവരികയാണ്. പുതുതായി കൊണ്ടുവന്ന ട്രാക്കിങ് സംവിധാനത്തില്‍ ജിയോ മാപ്പിങ്, ലൈവ് ട്രാക്കിങ്, ഹിസ്റ്ററി ട്രാക്കിങ്, ഡ്രൗവിങ് ബിഹേവിയര്‍ എന്നിവയെല്ലാം അറിയാന്‍ സാധിക്കും.

യോഗത്തില്‍ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത വി.കുമാര്‍, സപ്ലൈകോ ചെയര്‍മാന്‍ പി.എം.അലി അസ്ഗര്‍ പാഷ, സപ്ലൈകോ മേഖലാ മാനേജര്‍ വി.ജയപ്രകാശ്, സപ്ലൈകോ മാനേജ് മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജര്‍ ജോസിയസ് ബന്നി എന്നിവര്‍ സംസാരിച്ചു.