ഇടുക്കി: പതിനാല് സപ്ലൈകോ വില്പനശാലകളുടെ പ്രവര്‍ത്തനോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിച്ചതോടെ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്പനശാലകളായി. സമ്പൂര്‍ണ വില്പനശാല പ്രഖ്യാപനവും മന്ത്രി നിര്‍വ്വഹിച്ചു. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സപ്ലൈകോ വില്പനശാലകളുടെ സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി അടിസ്ഥാനസൗകര്യങ്ങള്‍ക്ക് പരിമിതിയുളള ഇടമലക്കുടി, വട്ടവട എന്നീ രണ്ട് പഞ്ചായത്തുകളില്‍ മൊബൈല്‍ മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തതോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ പൊതുവിതരണ രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താനായെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ സംസ്ഥാനത്ത് സപ്ലൈകോയ്ക്ക് 1611 വില്പന കേന്ദ്രങ്ങളായി. അഞ്ച് വര്‍ഷത്തിനിടെ 98 പുതിയ വില്‍പനശാലകളും നവീകരിച്ച് മോടി കൂട്ടിയ 194 വില്പനശാലകളും സപ്ലൈകോ തുറന്നു. മൂന്നാര്‍ ഡിപ്പോയ്ക്ക് കീഴില്‍ ഇടമലക്കുടി, വട്ടവട പഞ്ചായത്തുകളിലേക്കുളള മൊബൈല്‍ മാവേലിസ്റ്റോറുകളും ഫ്ളാഗ് ഓഫ് ചെയ്തു. സപ്ലൈകോ വില്പന കേന്ദ്രങ്ങളുടെ ഉദ്ഘാടനത്തില്‍ വിവിധ കേന്ദ്രങ്ങളിലായി എം എല്‍ എ മാരായ വി .എസ്. ശിവകുമാര്‍, ഡി .കെ. മുരളി, സി .കെ. ശശീന്ദ്രന്‍, എം. സ്വരാജ്, എന്‍.എ നെല്ലിക്കുന്ന്, പി .ജെ. ജോസഫ്, എസ് രാജേന്ദ്രന്‍ എന്നിവര്‍ ഓണ്‍ലൈന്‍ വഴി അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി. മുഖ്യപ്രഭാഷണം നടത്തി. സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ സ്വാഗതം പറഞ്ഞു.

ആലക്കോട് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജെറി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. എം ജെ ജേക്കബ് ആദ്യ വില്പന നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണ്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടോമി കാവാലം, ആലക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമന്‍ ജെയിംസ്, ആലക്കോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ലിഗില്‍ ജോ, ആലക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, ആലക്കോട് സിഡിഎസ് ചെയര്‍പേഴ്സണ്‍ നജ്മ നാസര്‍, വിവിധ സംഘടനാ പ്രതിനിധികളായ പി.ജി.വിജയന്‍, ഫ്രാന്‍സിസ് ജോണ്‍, ഇ.എ.ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു.കെ. ബലന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.

ഉടുമ്പന്നൂരില്‍ നടന്ന ചടങ്ങില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് അധ്യക്ഷത വഹിച്ചു. ഇടുക്കി ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്ദു സുധാകരന്‍ ആദ്യ വില്പന നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജി സുരേന്ദ്രന്‍, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു രവീന്ദ്രന്‍, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ശ്രീമോള്‍ ഷിജു, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ എബി ഡി കോലോത്ത്, പി.ജെ. ഉലഹന്നാന്‍, ജോണ്‍സണ്‍ കുര്യന്‍, തട്ടക്കുഴ രവി, പി.എന്‍. സീതി, എന്‍.ജെ. മാമച്ചന്‍, ജിബോയിച്ചന്‍ വടക്കേല്‍, എന്‍.വി. ഖാലിദ്, അശ്വതി മധു എന്നിവര്‍ സംസാരിച്ചു. ഇടുക്കി ജില്ലാ സപ്ലൈ ഓഫീസര്‍ പി. രാജേന്ദ്രന്‍ ആശാരി കൃതജ്ഞത അര്‍പ്പിച്ചു.