തൃശ്ശൂർ: സബ് ഡിവിഷനുകളുടെ രൂപീകരണം കേരളത്തിലെ ക്രമസമാധാന പാലന ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 25 സബ്ബ് ഡിവിഷനുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൃശൂർ ജില്ലയിൽ റൂറൽ പൊലീസിന് കീഴിലുള്ള കൊടുങ്ങല്ലൂരും സിറ്റി പൊലീസിന് കീഴിലുള്ള ഒല്ലൂരുമാണ് പുതിയ പൊലീസ് സബ്ബ് ഡിവിഷനുകളായി പ്രഖ്യാപനം നടന്നത്. ഇരിങ്ങാലക്കുട സബ്ബ്ഡിവിഷൻ പരിധിയിൽ ഉണ്ടായിരുന്ന വാടാനപ്പള്ളി, വലപ്പാട്, കയ്പമംഗലം, മതിലകം, കൊടുങ്ങല്ലൂർ, അഴീക്കോട് കോസ്റ്റൽ, കൊടുങ്ങല്ലൂർ കൺട്രോൾ റൂം എന്നീ സ്റ്റേഷനുകളാണ് കൊടുങ്ങല്ലൂർ സബ്ബ് ഡിവിഷനിലേയ്ക്ക് വിഭജിച്ച് മാറ്റിയിട്ടുള്ളത്. തൃശൂർ സബ്ബ് ഡിവിഷൻ പരിധിയിൽ ഉണ്ടായിരുന്ന ഒല്ലൂർ, പീച്ചി, മണ്ണുത്തി എന്നീ സ്റ്റേഷനുകൾ പുതുതായി പ്രഖ്യാപിച്ച ഒല്ലൂർ സബ്ബ് ഡിവിഷനിലേയ്ക്കുമാണ് മാറ്റിയത്. കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലെയും ഒല്ലൂരിലെയും മുൻ സിഐ ഓഫീസുകളാണ് സബ്ബ് ഡിവിഷുകളായി മാറ്റിയിട്ടുള്ളത്.

പുതിയ സബ് ഡിവിഷനുകൾ നിലവിൽ വരുന്നതോടെ ഓരോ സബ്ഡിവിഷൻ പരിധിയിലും പൊലീസ് സ്റ്റേഷനുകളുടെ എണ്ണം കുറയും. ഇതോടെ ഡിവൈഎസ്പി തലത്തിലുള്ള ഏകോപനവും നിരീക്ഷണവും വർധിപ്പിക്കാൻ കഴിയുകയും കുറ്റകൃത്യങ്ങൾ തടയുന്നതിനും സമൂഹത്തിലെ ക്രമസമാധാന പാലനം നിലനിർത്തുന്നതിനും സാധിക്കും. നേരത്തെ സബ്ബ് ഡിവിഷനുകളുടെ എണ്ണം കുറവായതിനാൽ ഓരോ സബ്ബ് ഡിവിഷനു കീഴിലും പൊലീസ് സ്റ്റേഷനുകളുടെ എണ്ണം താരതമ്യേന കൂടുതലായിരുന്നു. ഇത് ഡിവൈഎസ്പി തലത്തിലുള്ള പരിശോധനയ്ക്കും നിരീക്ഷണത്തിനും പ്രയാസം നേരിട്ടിരുന്നു. പുതിയ സബ്ഡിവിഷനുകൾ രൂപപ്പെടുന്നതോടെ ഈ പ്രയാസമാണ് ഇവിടെ ഇല്ലാതാകുന്നത്. കൂടാതെ സബ്ബ് ഡിവിഷനുകളുടെ രൂപീകരണത്തോടെ സംസ്ഥാനത്ത് ഇൻസ്പെക്ടർ തസ്തികയിലുള്ള മുതിർന്ന 25 പേർക്ക് സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്തു.

ഒല്ലൂരിൽ നടന്ന ചടങ്ങിൽ ചീഫ് വിപ്പ് കെ രാജനും കൊടുങ്ങല്ലൂരിൽ നടന്ന ചടങ്ങിൽ വി ആർ സുനിൽകുമാർ എംഎൽഎ യും അദ്ധ്യക്ഷത വഹിച്ചു. ഒല്ലൂരിൽ തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, തൃശൂർ സിറ്റി പോലീസ് അഡീഷണൽ എസ്പി എ നസീം, തൃശൂർ എസിപി ഇ വി ബേബി, ഒല്ലൂർ എസ്എച്ച്ഒ ദിനേശ് കുമാർ, പീച്ചി – മണ്ണുത്തി എസ്എച്ച്ഒമാരും പങ്കെടുത്തു. കൊടുങ്ങല്ലൂരിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ഷിനിജ, ടെമ്പിൾ വാർഡ് കൗൺസിലർ സുമേഷ്, തൃശൂർ റൂറൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് കുബേരൻ നമ്പൂതിരി, ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷ്,കെ പി ഒ എസ് സെക്രട്ടറി കെ കെ രാധാകൃഷ്ണൻ, കെ പി എ സെക്രട്ടറി വി യു സിൽജോ തുടങ്ങിയവർ പങ്കെടുത്തു.