കേരളത്തിലെ കാലിസമ്പത്ത് വെളിവാക്കുന്ന 20 ാമത് കന്നുകാലി സെൻസസ് വനം-വന്യജീവി, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ: കെ. രാജു പ്രകാശനം ചെയ്തു. സെൻസസ് വിവരശേഖരണം അനുസരിച്ച് സംസ്ഥാനത്ത് 29,08,657 കന്നുകാലികളുണ്ട്. മുൻ കന്നുകാലി സെൻസസുകളെ അപേക്ഷിച്ച് നിലവിലെ സെൻസസിൽ കേരളത്തിലെ കാലിസമ്പത്തിൽ 6.34 ശതമാനം വർധനവുള്ളതായി മന്ത്രി അറിയിച്ചു.
കാലിസമ്പത്തിൽ 46.14 ശതമാനം കന്നുകാലികളും, 46.73 ശതമാനം ആടും 3.49 ശതമാനം എരുമയും, 0.05 ശതമാനം ചെമ്മരിയാടും 3.57 ശതമാനം പന്നിവർഗങ്ങളുമാണ്. സംസ്ഥാനത്ത് ആകെ പശു, കാള ഇനത്തിലെ കന്നുകാലികൾ 13,41,996 ആണ്. ഇതിൽ 94 ശതമാനവും സങ്കരയിനത്തിലുള്ളവയാണ്.
കന്നുകാലി വിഭാഗത്തിൽ മാത്രം 1.01 ശതമാനം വർധനവുണ്ട്. 20 വർഷ കാലയളവിൽ ആദ്യമായാണ് കന്നുകാലി ഇനത്തിൽ വർധനവ് രേഖപ്പെടുത്തുന്നത്.
സംസ്ഥാനത്ത് ആകെ എരുമ വർഗങ്ങൾ 1,01,504 എണ്ണമാണ്. ആകെ ആടുവർഗങ്ങൾ 13,59,161 എണ്ണമാണ്. 1,03,863 ആണ് ആകെ പന്നിവർഗങ്ങളുടെ എണ്ണം. പന്നിവളർത്തലിലും വർധനവാണ് രേഖപ്പെടുത്തിയത്. 3.30 ശതമാനം വർധനവാണ് സംസ്ഥാനത്തെ പശുക്കളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. ആടു വളർത്തലിൽ 9.08 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
2,97,71,905 ആണ് സംസ്ഥാനത്തെ ആകെ പൗൾട്രി സമ്പത്ത്. പൗൾട്രി വർഗത്തിൽ 91.25 ശതമാനം കോഴി വർഗങ്ങളും, 5.97 ശതമാനം താറാവ് വർഗങ്ങളും, 2.78 ശതമാനം മറ്റു പൗൾട്രി വർഗങ്ങളുമാണ്. സംസ്ഥാനത്തെ കോഴിവർഗങ്ങളുടെ എണ്ണം 2,71,65,606 ആണ്. മുൻ സെൻസസിനെ അപേക്ഷിച്ച് 25.12 ശതമാനമാണ് വർധനവ്. ഇതിൽത്തന്നെ വീട്ടുമുറ്റത്തെ കോഴി വളർത്തലിൽ 47 ശതമാനവും വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളർത്തലിൽ 9.57 ശതമാനവും വർധനവുണ്ട്. താറാവ് വർഗം 17,76,503 എണ്ണമാണ്. മുൻ സെൻസസിനെ അപേക്ഷിച്ച് എണ്ണത്തിൽ 3.94 ശതമാനമാണ് വർധന. ഇതിൽ വാണിജ്യാടിസ്ഥാനത്തിലുള്ള താറാവ് വളർത്തലിൽ 14.48 ശതമാനം വർധനവുണ്ട്.
സംസ്ഥാനത്തുള്ള മറ്റു പൗൾട്രി വർഗങ്ങൾ 8,29,796 എണ്ണമാണ് സെൻസസിലൂടെ രേഖപ്പെടുത്തിയിട്ടുള്ളത്. വളർത്തുനായ്ക്കൾ 8,36,270 ഉം തെരുവുനായ്ക്കൾ 2,89,986 ഉം ഉള്ളതായാണ് കണക്ക്. 20-ാം കന്നുകാലി സെൻസസിന്റെ വിവരശേഖരണം സംസ്ഥാനത്ത് 2019 മാർച്ച് ഒന്നുമുതൽ സെപ്റ്റംബർ 20 വരെയാണ് നടന്നത്. 19 ാം കന്നുകാലി സെൻസസ് 2012 ലാണ് കേരളത്തിൽ നടന്നത്.സെൻസസിന്റെ വിവരശേഖരണം, ഓൺലൈൻ സോഫ്ട്വെയർ മുഖേന ടാബ്ലെറ്റ് കമ്പ്യൂട്ടറുകൾ ഉപയോഗിച്ചാണ് നിർവഹിച്ചത്. എന്യൂമറേറ്റർമാരായി വകുപ്പിലെ 2523 ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ പ്രവർത്തിച്ചു. മേൽനോട്ട ചുമതല വകുപ്പിലെ 1158 വെറ്ററിനറി ഡോക്ടർമാരും നിർവഹിച്ചിരുന്നു.15 തരം മൃഗങ്ങളുടെയും എട്ടുതരം പക്ഷികളുടെയും വിവരങ്ങൾ, എണ്ണം, ബ്രീഡ്, ഉപയോഗരീതി എന്നിവയുടെ അടിസ്ഥാനത്തിലാണ് തരംതിരിച്ച് സ്വീകരിച്ചത്. കന്നുകാലി സെൻസസ് പ്രകാശന ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ കെ.എം. ദിലീപ്, ജോയിൻറ് ഡയറക്ടർ ജയചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.