കോവിഡ് പശ്ചാത്തലത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണമായി ലാപ്ടോപ്പ് എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.എഫ്.ഇയുടെ സാമ്പത്തിക സഹകരണത്തോടെ കുടുംബശ്രീയും ഐ.ടി വകുപ്പും ചേര്‍ന്ന് വിദ്യാശ്രീ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ക്ക് കെ.എസ്.എഫ്.ഇയുടെ പ്രത്യേക ചിട്ടിയിലൂടെ സബ്സിഡി നിരക്കില്‍ ലാപ്ടോപ്പ് ലഭ്യമാക്കുന്നതാണ് പദ്ധതി. 500 രൂപ വീതമുള്ള 30 മാസത്തെ തവണകള്‍ അടക്കേണ്ട പദ്ധതിയില്‍ അംഗമായി ആദ്യ മൂന്ന് മാസത്തെ തുക അടവാക്കുന്നതോടെ ലാപ്ടോപ്പുകള് ലഭ്യമാക്കും. ആശ്രയ, പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ, മത്സ്യബന്ധന വിഭാഗങ്ങളിലുള്ളവരെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുക.
പിന്നീടിന് മറ്റ് വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. ആശ്രയ കുടുംബങ്ങളിലുള്ളവര്‍ക്ക് 50 ശതമാനം കെ.എസ്.എഫ്.ഇ സബ്സിഡിയായി നല്‍കും. ഇതിനു പുറമെ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള 25 ശതമാനം സബ്സിഡി തുകയും ലഭിക്കും. പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ, മത്സ്യബന്ധന വിഭാഗങ്ങളിലുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ബന്ധപ്പെട്ട വകുപ്പുകള്‍ നിശ്ചയിക്കുന്ന സബ്സിഡിയും അധികമായി ലഭിക്കും.