കണ്ണൂർ: സാങ്കേതിക സ്ഥാപനങ്ങളെ വളര്‍ത്തിയെടുത്ത് സാങ്കേതിക വിജ്ഞാനം വിപുലീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജ് ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും സൗരോര്‍ജ്ജ പ്ലാന്റിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ വിദ്യാര്‍ഥിക്കും അവരാഗ്രഹിക്കുന്ന വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വിലപ്പെട്ട സംഭാവന നല്‍കിയ സ്ഥാപനമാണ് കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജെന്നും മന്ത്രി പറഞ്ഞു.
എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് കണ്ണൂര്‍ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നത്. ആറ് മാസമാണ് നിര്‍മ്മാണ കാലാവധി. 730 ചതുരശ്ര മീറ്ററില്‍ 500 പേരെ ഉള്‍ക്കൊള്ളുന്ന രീതിയിലാണ് ഓഡിറ്റോറിയത്തിന്റെ രൂപകല്‍പന. കെട്ടിട നവീകരണം, ബോയ്‌സ് ഹോസ്റ്റല്‍ നവീകരണം, ഡ്രോയിംഗ് ഹാള്‍ ബ്ലോക്ക് നിര്‍മ്മാണം തുടങ്ങി കഴിഞ്ഞ നാലര വര്‍ഷക്കാലയളവില്‍ 5.73 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോളേജില്‍ നടപ്പാക്കിയത്. അക്കാദമിക രംഗത്ത് മികവ് പുലര്‍ത്തുന്ന കോളേജില്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം കൂടി യാഥാര്‍ഥ്യമാകുന്നതോടെ കലാരംഗത്തും മെച്ചപ്പെട്ട വിജയങ്ങള്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാര്‍ഥികളും.
സംസ്ഥാന സര്‍ക്കാരിന്റെ സൗരോര്‍ജ്ജ പദ്ധതിയുടെ ഭാഗമായി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ചാണ് കോളേജില്‍ 20 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിച്ചത്. പോളിടെക്‌നിക്ക് കോളേജ് ഹാളില്‍ നടന്ന പരിപാടിയില്‍ മേയര്‍ ടി ഒ മോഹനന്‍ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി പ്രഭാകരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് പി ബീന, പ്രിന്‍സിപ്പല്‍ കെ പി ഷരീഫ് ഹുസൈന്‍, പിടിഎ വൈസ് പ്രസിഡണ്ട് പി സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.