മലപ്പുറം:ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന് കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ വെങ്കിടേശ്വരപതി ഐ.എ.എസ് ജില്ലയില്‍ സന്ദര്‍ശനം നടത്തി.
സമയബന്ധിതമായി ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് വേണ്ടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീക്ക, ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എന്നിവരെ  ജല ജീവന്‍ മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കൂടിയായ വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ വെങ്കിടേശ്വരപതി ഐ.എ.എസ് സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി.
സന്ദര്‍ശനത്തോടനുബന്ധിച്ച് നരിപ്പറമ്പിലെ പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി കോമ്പൗണ്ടിലെ കോണ്‍ഫറന്‍സ് ഹാളില്‍  ഉത്തരമേഖല ചീഫ് എഞ്ചിനീയര്‍ ബി. ഷാജഹാന്‍, മലപ്പുറം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ വി. പ്രസാദ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ മുഹമ്മദ് സിദ്ദീഖ്, സുരേഷ് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ വെങ്കിടേശ്വരപതിയുടെ അധ്യക്ഷതയില്‍ ജില്ലയിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, അസിസ്റ്റന്റ് എഞ്ചിനീയമാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേര്‍ന്നു.
ജില്ലയില്‍ മൊത്തം ആറ് ലക്ഷത്തില്‍പരം ഗ്രാമീണ മേഖലയിലെ ഗാര്‍ഹിക കുടിവെള്ള കണക്ഷനില്ലാത്ത വീടുകളില്‍ 2023 നോട് കൂടി എല്ലാ വീടുകള്‍ക്കും ടാപ്പ് കണക്ഷന്‍ നല്‍കുന്നതിനുള്ള  നടപടി സ്വീകരിക്കാന്‍ മാനേജിംഗ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ ശുദ്ധജലമില്ലാത്ത എല്ലാ പഞ്ചായത്തുകളിലും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പെട്ടെന്ന് തന്നെ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് അദ്ദേഹം അറിയിച്ചു.
ജില്ലയിലെ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തില്‍  സംതൃപ്തി രേഖപ്പെടുത്തി. ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പിന്റെ കാര്യക്ഷമതയും ഗുണനിലവാരവും പരിശോധിക്കുന്നതിന് ജില്ലയില്‍ അധികാരപ്പെടുത്തുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്ത  ഹൈദരാബാദ് ആസ്ഥാനമായുള്ള എഞ്ചിനീയറിംഗ് സ്റ്റാഫ് കോളജ് ഓഫ് ഇന്ത്യ എന്ന സ്ഥാപനവുമായും മാനേജിംഗ് ഡയറക്ടര്‍ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. കേരള വാട്ടര്‍ അതോറിറ്റിയുടെ കരാറുകാരുമായി വിശദമായ ചര്‍ച്ച നടത്തി.