സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും ഈ സർക്കാർ ഉന്നത നിലവാരത്തിലെത്തിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പള്ളിമൺ ഹയർസെക്കന്ററി സ്‌കൂളിൽ തീർക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
എസ്. എസ്. എൽ. സി. , പ്‌ളസ് ടു പരീക്ഷാഫലങ്ങൾ സർക്കാർ സ്‌കൂളുകളുടെ നിലവാരം ഉയരുന്നതിന് തെളിവായി മാറി. നൂറു ശതമാനം വിജയം നേടിയ സർക്കാർ സ്‌കൂളുകളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. ഭൗതിക സാഹചര്യങ്ങൾക്കൊപ്പം ആധുനീകരണവും നടപ്പിലാക്കിയാണ് പൊതുവിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്തുന്നത്. ഇതു തിരിച്ചറിഞ്ഞതു കൊണ്ടാണ് ചെറു ക്‌ളാസുകളിൽ തുടങ്ങി ഹയർസെക്കന്ററി തലം വരെ പൊതുവിദ്യാലയങ്ങൾ തെരഞ്ഞെടുക്കാൻ വലിയൊരു വിഭാഗം തയ്യാറാകുന്നത് എന്നും മന്ത്രി പറഞ്ഞു. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് എസ്്.നാസറുദീൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സി. പി. പ്രദീപ്, ബ്‌ളോക് പഞ്ചായത്ത് അംഗം പള്ളിമൺ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ കോളൂർ ബാബു, പ്രസന്ന രാമചന്ദ്രൻ, ആർ. റിനുമോൻ, സ്‌കൂൾ പ്രിൻസിപ്പൽ പി. ജി. ലളിതമ്മ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.