തിരുവനന്തപുരം: സംസ്ഥാനത്തെ  പൊതുവിദ്യാഭ്യാസ സംവിധാനത്തിന് യൂനിസെഫിന്റെ അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലന്‍ജ്ഡ് സെന്ററില്‍ പുതുതായി നിര്‍മിച്ച അക്കാഡമിക് ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലത്ത് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ച സര്‍ക്കാരിന്റെ സംഘാടക മികവിനെയാണ് യൂനിസെഫ് പ്രശംസിച്ചത്. ഇത്തരത്തില്‍ പൊതുജനങ്ങളുടെ ജീവിതത്തെ സ്പര്‍ശിക്കുന്ന വികസനം സമസ്ത മേഖലകളിലും ഈ സര്‍ക്കാരിനു കൊണ്ടുവരാന്‍ സാധിച്ചത് അഭിമാനകരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുവിദ്യാഭ്യാസ മേഖലയിലെ പുത്തന്‍ ഉണര്‍വ് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു കൊണ്ട് സഹകരണം ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സമൂഹത്തിലെ ഏറ്റവും സഹായം അര്‍ഹിക്കുന്ന,  ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസ പദ്ധതികള്‍ക്ക് മതിയായ പ്രാധാന്യം കൊടുക്കുന്നതിനും ഈ മേഖലയില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളെ  ഏകോപിപ്പിക്കുന്നതിനുമാണ് പാങ്ങപ്പാറയിലെ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ദി മെന്റലി ചലന്‍ജ്ഡ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.  4.81 കോടി രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്. ഇതിനു പുറമെ 37.70 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന  മഴവെള്ളസംഭരണിയുടെയും  ചുറ്റുമതിലിന്റെയും പണികള്‍ പുരോഗമിക്കുന്നു. ഇതിനോടൊപ്പം പഴയ കെട്ടിടത്തിന്റെ  പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍  ഒന്നാംഘട്ടമായി 69.35 ലക്ഷം രൂപ ചെലവഴിച്ചു പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടപ്രവര്‍ത്തനത്തിനായി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്തു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് ഷൈന്‍മോന്‍ എം.കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍, കൗണ്‍സിലര്‍ സ്റ്റാന്‍ലി ഡിക്രൂസ്, വിവിധ ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.