മലപ്പുറം: വണ്ടൂര് – നിലമ്പൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തൃക്കൈകുത്ത് പാലം യാഥാര്‍ഥ്യമാവുന്നു. പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (ഫെബ്രുവരി 26) രാവിലെ 10ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനാവും. പി.വി അന്‍വര്‍ എം.എല്‍.എ മുഖ്യാതിഥിയാവും.
2019-20 ബജറ്റിലാണ് പാലത്തിനായി 10 കോടി 90 ലക്ഷം രൂപ അനുവദിച്ചത്. നിലമ്പൂര്‍ നഗരസഭയെയും വണ്ടൂര്‍ നിയോജകമണ്ഡലത്തിലെ മമ്പാട്, വണ്ടൂര്‍ പഞ്ചായത്തുകളെയും ബന്ധിപ്പിച്ചുകൊണ്ട് കുതിരപ്പുഴയ്ക്ക് കുറുകെയാണ് പാലം നിര്‍മിക്കുന്നത്. മമ്പാട് പഞ്ചായത്തിലെ വള്ളിക്കെട്ട്, തൃക്കൈകുത്ത്, വണ്ടൂര്‍ പഞ്ചായത്തിലെ കാപ്പില്‍, കാഞ്ഞിരം പാടം പ്രദേശങ്ങളിലുള്ളവര്‍ നിലമ്പൂരിലെത്താന്‍ പുളിക്കലോടി വഴി 10 കിലോമീറ്ററോളമാണ് ചുറ്റി സഞ്ചരിക്കുന്നത്. പാലം വരുന്നതോടെ ദൂരം രണ്ടര കിലോമീറ്റര്‍ ആയി ചുരുങ്ങും. ഇതോടെ ജനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിനാണ് പരിഹാരമാവുന്നത്.
നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം, വൈസ് ചെയര്‍പേഴ്സണ്‍ അരുമ ജയകൃഷ്ണന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി കുഞ്ഞുമുഹമ്മദ്, മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീനിവാസന്‍, വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. റുബീന ടീച്ചര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
