മലപ്പുറം:‍ ‍ചൈല്ഡ്‌ലൈന് മലപ്പുറം ഫുട്‌ബോള്‍ ടീമിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്‌സിയുടെ പ്രകാശനം ഇന്ത്യന്‍ ഫുട്‌ബോളര്‍ അനസ് എടത്തൊടിക പ്രസ് ക്ലബ് പ്രസിഡന്റ് ശംസുദ്ധീന്‍ മുബാറകിനു നല്‍കി നിര്‍വഹിച്ചു. ബാലസംരക്ഷണ സന്ദേശങ്ങള്‍ യുവാക്കളിലേക്കെത്തിക്കുന്നതിനും കുട്ടികളില്‍ കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ജില്ലയിലെ വിവിധ ഫുട്ബാള്‍ ടൂര്‍ണമെന്റുകളില്‍ ചൈല്‍ഡ്ലൈന്‍ ടീം മത്സരത്തിനിറങ്ങും.

സ്‌കൂളുകളില്‍ കായിക വിനോദങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കുന്നതിനും മികച്ച കായിക താരങ്ങളെ ഉയര്‍ത്തികൊണ്ടുവരുന്നതിനും ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനുമാണ് ചൈല്‍ഡ് ലൈന്‍ ഇത്തരമൊരു പദ്ധതിയുമായി മുന്നോട്ടുവന്നിട്ടുള്ളത്. പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.  റഷീദ് ബാബ, പ്രസ് ക്ലബ് സെക്രട്ടറി കെ.പി.എം റിയാസ്, ചൈല്‍ഡ്ലൈന്‍ കോര്‍ഡിനേറ്റര്‍മാരായ സി.പി സലിം, അന്‍വര്‍ കാരക്കാടന്‍, ട്രൂപ്പര്‍ ഗാര്‍മെന്റ്‌സ്   എം. ഡി. മുഹമ്മദ് സിയാദ്  എന്നിവര്‍ പങ്കെടുത്തു.