മലപ്പുറം: നിയമസഭാ/ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലകലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ വിവിധ രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം  ചേര്‍ന്നു. മാതൃകാപെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ജില്ലാകലക്ടര്‍ പ്രതിനിധികള്‍ക്ക് വിശദീകരിച്ചു.

കൂടാതെ തെരഞ്ഞെടുപ്പിലെ കോവിഡ് മാനദണ്ഡങ്ങള്‍, ജില്ലയിലെ വിവിധ പോളിങ് ബൂത്തുകള്‍, വോട്ടിങ് മെഷീനുകള്‍,  പോളിങ് ഉദ്യോഗസ്ഥരുടെ  ലഭ്യത, അംഗപരിമിതരായവര്‍ക്കും   80 വയസ്സിന് മുകളില്‍  പ്രായമായവര്‍ക്കും  പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതു സംബന്ധിച്ച നടപടിക്രമം,  ഹരിത പെരുമാറ്റച്ചട്ടം, ഇലക്ഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ രൂപീകൃതമായ വിവിധ സ്‌ക്വാഡുകള്‍ തുടങ്ങിയ വിഷയങ്ങളും  ജില്ലാകലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കുകയുളളൂ. ഗൃഹ സന്ദര്‍ശനത്തിന്  അഞ്ച്  പേരില്‍ കൂടുതല്‍ പോകാന്‍ പാടുളളതല്ല. റോഡ് ഷോയ്ക്ക് അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും ജില്ലാകലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടി  പ്രതിനിധികളെ  അറിയിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍  പൊതു സ്ഥലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ സ്വമേധയാ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം അവ നീക്കം ചെയ്യ്ത് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് കണക്കാക്കുമെന്ന് കലക്ടര്‍ പ്രതിനിധികളോട് ആവശ്യപ്പെട്ടു.

മതപരമായതും വ്യക്തി വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലുളളതുമായ ആരോപണങ്ങള്‍ ഇലക്ഷന്‍ പ്രചാരണ വേളയില്‍ പാടില്ല. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന രീതിയിലുളള പ്രചാരണങ്ങള്‍ ഒഴിവാക്കണം. മൈക്ക് അനുമതിയുളളവര്‍ക്ക് മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കുവാന്‍ പാടുള്ളൂവെന്നും  ഇലക്ഷന്‍ പ്രചാരണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ പ്രകൃതി സൗഹൃദമായിരിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട 28 മൈതാനങ്ങളില്‍ മാത്രമേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങള്‍ സംഘടിപ്പിക്കാവുമെന്ന് ജില്ലാ പൊലീസ് മേധാവി യോഗത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ മാസ്‌ക്കുകള്‍ എല്ലാവരും നിര്‍ബന്ധമായും ധരിച്ചിരിക്കണം. സാമൂഹിക അകലം കൃത്യമായി പാലിച്ചിരിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ചോ, സാനിറ്റെസര്‍ ഉപയോഗിച്ചോ ഇടക്കിടക്ക് കഴുകണമെന്നും പ്രസംഗിക്കുമ്പോഴും  മാസ്‌ക്ക് ശരിയായ രീതിയില്‍ ധരിച്ചിരിക്കണമെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാസ്റ്റിക് നിര്‍മിത വസ്തുക്കള്‍ പാടെ ഒഴിവാക്കണം. പേപ്പര്‍, തുണി തുടങ്ങിയ പ്രകൃതിയുമായി ഇണങ്ങുന്ന വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കണമെന്നും ജില്ലാ ശുചിത്വമിഷന്‍ ഓഫീസര്‍ അറിയിച്ചു.
യോഗത്തില്‍ എ.ഡി.എം ഡോ.എം.സി റെജില്‍, ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു, അസിസ്റ്റന്റ് കലക്ടര്‍ പി. വിഷ്ണുരാജ്, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ഇ. മുഹമ്മദ് യൂസഫ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന, ശുചിത്വ മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ ഇ.ടി രാകേഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ്, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ  പ്രതിനിധികളും പങ്കെടുത്തു.