കാസർഗോഡ്: നീലേശ്വരം നഗരസഭയും, കയ്യൂര്‍-ചീമേനി, വെസ്റ്റ് എളേരി, ഈസ്റ്റ് -എളേരി, ചെറുവത്തൂര്‍, പിലിക്കോട്, പടന്ന, വലിയപറമ്പ, തൃക്കരിപ്പൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് തൃക്കരിപ്പൂര്‍ നിയമസഭാമണ്ഡലം. നീലേശ്വരം, പേരോല്‍, കയ്യൂര്‍, ക്ലായിക്കോട്, ചീമേനി, ഭീമനടി, വെസ്റ്റ് എളേരി, ചിറ്റാരിക്കല്‍, പാലാവയല്‍, തുരുത്തി, ചെറുവത്തൂര്‍, പിലിക്കോട്, കൊടക്കാട്, പടന്ന, ഉദിനൂര്‍, വലിയപറമ്പ്, നോര്‍ത്ത് തൃക്കരിപ്പൂര്‍, സൗത്ത്് തൃക്കരിപ്പൂര്‍ എന്നീ വില്ലേജുകളിലെ 194 പോളിംഗ് സ്റ്റേഷനുകളും തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലുണ്ട്.

2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 192 ബൂത്തുകളിലായി 144928 വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 79.49 പോളിംഗ് ശതമാനം. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 78.02 ശതമാനമായിരുന്നു പോളിംഗ്. 181 ബൂത്തുകളിലായി 144042 വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 80.39 ശതമാനമായിരുന്നു പോളിംഗ്. 162 ബൂത്തുകളിലായി 78003 പുരുഷന്മാരും 91016 സ്ത്രീകളുമുള്‍പ്പെടെ 169019 വോട്ടര്‍മാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 135878 പേര്‍ വോട്ട് രേഖപ്പെടുത്തി.

2011 ലെ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത് തൃക്കരിപ്പൂരിലാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 81.48 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് ശതമാനം. 70000 പുരുഷന്മാരും 84205 സ്ത്രീകളുമടക്കം 154205 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 2021 ജനുവരി ഒന്നുവരെയുള്ള കണക്കനുസരിച്ച് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 94110 പരുഷന്മാരും 104349 സ്ത്രീകളും ഒരു ട്രാന്‍സെജെന്റുമടക്കം ആകെ 198460 വോട്ടര്‍മാരാണുള്ളത്.