സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിലും തിരുവനന്തപുരം, ആലപ്പുഴ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗങ്ങളുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ഫോറത്തില്‍ മുഴുവന്‍ സമയ അംഗത്തിന്റെ (ജനറല്‍) ഒരൊഴിവും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ജനറല്‍, വനിതാ വിഭാഗങ്ങളില്‍ ഒരോ ഒഴിവുകള്‍ വീതവുമാണുള്ളത്. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും 35 വയസോ അതിന് മുകളിലോ പ്രായമുള്ളവരും ആയിരിക്കണം.
ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണ നിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. നിയമന കാലാവധി സംസ്ഥാന ഫോറത്തില്‍ അഞ്ചു വര്‍ഷം വരെയോ 67 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. ജില്ലാ ഫോറങ്ങളില്‍ അഞ്ചു വര്‍ഷം വരെയോ 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്.
അപേക്ഷ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കലക്‌ട്രേറ്റുകളിലും ജില്ലാ സപ്ലൈ ഓഫീസുകളിലും ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും.
ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ മേയ് 30 നകം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ജില്ലാ കലക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് അപേക്ഷകര്‍ക്ക് യാത്രാബത്തയോ മറ്റ് ചെലവുകളോ അനുവദിക്കില്ല.