മലപ്പുറം:നിയമസഭാ /മലപ്പുറം ലോകസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ പോളിങ് സ്റ്റേഷനുകളില്‍ വെബ് കാസ്റ്റിങ് സൗകര്യം നടപ്പിലാക്കാന്‍  റോഡുകള്‍ കീറുകയും കുഴിയെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ തെരെഞ്ഞെടുപ്പ് അവസാനിക്കുന്നതു വരെ നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍  അറിയിച്ചു. മാറ്റിവെക്കാന്‍ കഴിയാത്ത പ്രവൃത്തികളാണെങ്കില്‍ അവ തുടരാന്‍ മുന്‍കൂട്ടി ജില്ലാകലക്ടറുടെ  അനുമതി വാങ്ങണം.  തെരഞ്ഞെടുപ്പിന്റെ സുഗഗമായ നടത്തിപ്പിന് ബി.എസ്.എന്‍.എല്ലിന്റെ ഇന്റര്‍നെറ്റ് സൗകര്യം തടസമില്ലാതെ ലഭിക്കുന്നതിനാണ് ജില്ലാകലക്ടര്‍ ഉത്തരവിറക്കിയത്. ഈക്കാര്യത്തില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

റോഡുകളുടെ പ്രവൃത്തികള്‍ നടക്കുമ്പോള്‍ വെബ് കാസ്റ്റിങ് സൗകര്യത്തിന് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്ന ബി.എസ്. എന്‍ എല്‍ കേബിള്‍ കണക്ഷനുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണം. വിവിധ വകുപ്പുകള്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ റോഡുകള്‍ കുഴിക്കുകയും കീറുകയും ചെയ്യുന്നതു മൂലം ബി.എസ്.എന്‍.എല്‍ കേബിളുകള്‍ക്ക് കേടുപാടുകള്‍ വരാറുണ്ട്. തെരെഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള പ്രവൃത്തികള്‍ പോളിങ്  ദിവസങ്ങളിലെ വെബ് കാസ്റ്റിങ് കണക്ടിവിറ്റിയെ ബാധിക്കുന്നതിനാലാണ് റോഡ് പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുന്നത്.

തെരഞ്ഞെടുപ്പില്‍  ജില്ലയിലെ വിവിധ പോളിങ് സ്റ്റേഷനുകളില്‍  വെബ് കാസ്റ്റിങിനായി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ആവശ്യമുള്ള ഓരോ പോളിങ് സ്റ്റേഷനുകളിലേക്കും ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി സൗകര്യം നല്‍കാമെന്ന് ബി.എസ് എന്‍. എല്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി, എ.ഡി.എം, പെരിന്തല്‍മണ്ണ, തിരൂര്‍ സബ്ജില്ലാ മജിസ്‌ട്രേറ്റര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍, എം.സി.സി നോഡല്‍ ഓഫീസര്‍മാര്‍, സെക്ടര്‍ ഓഫീസര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ രാത്രി കാലങ്ങളില്‍ ഈ നടപടികള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടര്‍ അറിയിച്ചു.