** ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. തെരഞ്ഞെടുപ്പു പ്രചാരണാർഥം രാഷ്ട്രീയ കക്ഷികൾ, സ്ഥാനാർഥികൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ നൽകുന്ന പരസ്യങ്ങൾക്ക് ഇതു ബാധകമാണ്. ഇതിനായുള്ള ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി പ്രവർത്തനം തുടങ്ങി.
ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, സ്വകാര്യ എഫ്.എം ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമാ ശാലകൾ, പൊതുസ്ഥലങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയും ഓഡിയോ വിഷ്വൽ ഡിസ്‌പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്‌സ് മെസേജുകൾ, ഇ-പേപ്പറുകൾ എന്നിവയിലെ പരസ്യങ്ങൾക്കു മുൻകൂർ അനുമതി വേണ്ടതുണ്ട്. അനുമതിയില്ലാത്ത തെരഞ്ഞെടുപ്പ് പരസ്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല.
സ്ഥാനാർഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പരസ്യം നൽകുമ്പോൾ ടെലികാസ്റ്റ് ചെയ്യുന്നതിനു മൂന്നു ദിവസം മുൻപെങ്കിലും കളക്ടറേറ്റിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. രസ്യം നൽകുന്നതു മറ്റു സംഘടനകളാണെങ്കിൽ ടെലികാസ്റ്റിന് ഏഴു ദിവസം മുൻപും അപേക്ഷിച്ചിരിക്കണം.
അനുബന്ധം എയിൽ തയാറാക്കിയ അപേക്ഷ പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണു നൽകേണ്ടത്. പരസ്യത്തിന്റെ നിർമാണച്ചെലവ്,  ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കിയിരിക്കണം. പരസ്യം പ്രദർശിപ്പിക്കുന്നതിനുള്ള  പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്നു വ്യക്തമാക്കുന്ന  പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.
തിരഞ്ഞെടുപ്പു കമ്മിഷന്റെ നിബന്ധനകൾ പൂർണമായി പാലിച്ചു തയാറാക്കുന്ന പരസ്യങ്ങൾക്കു മാത്രമേ അംഗീകാരം നൽകൂ എന്നും മറ്റുള്ളവയ്ക്ക് അംഗീകാരം നിഷേധിക്കാൻ എം.സി.എം.സി. കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുമെന്നും കളക്ടർ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റു രേഖകളിലും പ്രസാധകന്റെ പേരും വിലാസവും അച്ചടിക്കുന്ന ആകെ കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തിയിരിക്കണമെന്നും കളക്ടർ വ്യക്തമാക്കി.
ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ആദ്യ യോഗം ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുടെ അധ്യക്ഷതയിൽ ഇന്നലെ കളക്ടറേററ്റിൽ ചേർന്നു. കമ്മിറ്റി അംഗങ്ങളായ എ.ഡി.എം. ടി.ജി. ഗോപകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജി. ബിൻസിലാൽ, ഇൻഫർമേഷൻ – പബ്ലിക് റിലേൻസ് വകുപ്പ് വെബ് ആൻഡ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫിസർ കെ.എസ്. ഇന്ദുശേഖർ, മുതിർന്ന മാധ്യമ പ്രവർത്തകൻ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ദൂരദർശൻ ന്യൂസ് എഡിറ്റർ എം. മുഹ്‌സീൻ എന്നിവർ പങ്കെടുത്തു