തിരുവനന്തപുരം: ജില്ലയില്‍ വേനല്‍ക്കാലത്തു കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ ജല ലഭ്യത ഉറപ്പാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ഈ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി പരിശോധന നടത്തിയശേഷം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതതു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ കടലാക്രമണം രൂക്ഷമായ പൊഴിയൂര്‍, വലിയതുറ മേഖലകളിലും മറ്റു തീരദേശ പ്രദേശങ്ങളിലും കടല്‍ഭിത്തി നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു കളക്ടര്‍ നിര്‍ദേശം നല്‍കി. കടല്‍ ഭിത്തി നിര്‍മാണത്തിന് ആവശ്യമായ പാറയുടെ ലഭ്യത ഉറപ്പുവരുത്തും. കോന്നി മെഡിക്കല്‍ കോളേജ് പ്രദേശങ്ങളില്‍നിന്നു പാറ എത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ട്. കടല്‍ഭിത്തി നിര്‍മാണത്തിന് ആര്‍.ഡി.ഒ അനുമതി നല്‍കിയ മുഴുവന്‍ പ്രദേശങ്ങളിലും അടിയന്തരമായി പാറ എത്തിക്കുന്നതിനു ജില്ലാ ജിയോളജിസ്റ്റിനും ഇറിഗേഷന്‍ വകുപ്പിനും ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനും കളക്ടര്‍ നിര്‍ദേശം നല്‍കി.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജി.കെ. സുരേഷ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.എസ്. ഷിനു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ത്രേസ്യാമ്മ ആന്റണി, പൊലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.