ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള ചെലവ് നിരീക്ഷകര്‍ എത്തി. അരൂര്‍, ആലപ്പുഴ, ചേര്‍ത്തല മണ്ഡലങ്ങളുടെ ചുമതലയുള്ള വിരേന്ദര്‍ സിങ്, അമ്പലപ്പുഴ, കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങളുടെ ചുമതലയുള്ള ബസന്ത് ഗര്‍വാള്‍, മാവേലിക്കര, കായംകുളം, ചെങ്ങന്നൂര്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള രഘുവന്‍ഷ് കുമാര്‍ എന്നിവരാണ് ജില്ലയില്‍ എത്തിയത്. മൂന്നുപേരും ഇന്ത്യന്‍ റവന്യൂ സര്‍വീസ് (ഐ.ആര്‍.എസ്) ഉദ്യോഗസ്ഥരാണ്. റിട്ടേണിങ് ഓഫീസര്‍മാരുമായും അസിസ്റ്റന്റ് എക്സ്പെന്‍ഡീച്ചര്‍ ഒബ് സര്‍വര്‍മാരുമായും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തി. കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍, ജില്ല പോലീസ് മേധാവി ജെ.ജയ്ദേവ്, സബ്കളക്ടര്‍ എസ്. ഇലക്യ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജെ.മോബി, ഫിനാന്‍സ് ഓഫീസര്‍ ഷിജു ജോസ് എന്നിവര്‍ സംസാരിച്ചു. ചെലവ് നിരീക്ഷണം ശക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ നിയമസഭാ മണ്ഡലങ്ങളിലെ സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീം, വിഡിയോ സര്‍വലൈന്‍സ് ടീം, ഫ്ലൈയിങ് സ്ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനം ശക്തമാക്കും. നിയമ വിരുദ്ധമായ എല്ലാ സാമ്പത്തിക ഇടപാടുകളും പ്രത്യേകം നിരീക്ഷിക്കും. ആവശ്യമെങ്കില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാമെന്നും നിരീക്ഷകര്‍ പറഞ്ഞു.