കാസര്‍കോട്: ജില്ലയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പടെ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് സംഘടനകളുടെ സൂം മീറ്റിംഗിലാണ് നിര്‍ദ്ദേശം നല്‍കിയത്. ജീവനക്കാരുടെ സംഘടനകള്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് യോഗം തീരുമാനിച്ചു. ഓഫീസുകളിലും പൊതു ഇടങ്ങളിലും സര്‍ക്കാര്‍ ജീവനക്കാര്‍ മാതൃകയായി പ്രവര്‍ത്തിക്കണം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കൂട്ടം കൂടുന്നതും ഒഴിവാക്കണം.

പൊതു സ്ഥലങ്ങളില്‍ മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ പകര്‍ച്ച വ്യാധിനിയന്ത്രണനിയമ പ്രകാരം കേസെടുക്കുന്ന പോലീസ് നടപടി ശക്തമാക്കും. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും മാസ്‌ക് ധരിക്കണം സോപ്പ്, സാനൈറ്റസര്‍ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണം. ജാഗ്രത പാലിക്കുന്നതില്‍ അലംഭാവം അരുത്. പുല്ലൂര്‍ പെരിയ പഞ്ചായത്ത് ഓഫീസില്‍ 15 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാരില്‍ കാവിഡ് സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്തത്.

ലഘുലേഖകള്‍ ദേശീയാരോഗ്യ ദൗത്യവും ജില്ലാ മാസ് മീഡിയ വിഭാഗവും ലഭ്യമാക്കും. തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ ജീവനക്കാരില്‍ രോഗവ്യാപനം തടയാന്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു. യോഗത്തില്‍ വി.ചന്ദ്രന്‍, (കെ ജി ഒ എ) കെ. പി.ഗംഗാധരന്‍ (എന്‍ ജി ഒ യൂനിയന്‍) സി. വിജയന്‍ (എന്‍ ജി ഒ സംഘ് ) പ്രസാദ് കരുവളം (ജോയിന്റ് കൗണ്‍സില്‍ ) സി. വിജയന്‍ (എന്‍ ജി ഒ സംഘ് ) അശോക് കുമാര്‍ (എന്‍ ജി ഒ അസോസിയേഷന്‍ ) സൈനുദ്ദീന്‍ (എസ് ജി ഒ യു ) നാസര്‍ നങ്ങാ രത്ത് (എസ്ഇയു ) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.