കണ്ണൂർ: ‍സ്ഥാനാര്ഥികള് അളവില്‍ കവിഞ്ഞ് പണം ചെലവഴിക്കുകയോ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പ്രത്യേക ചെലവ് നിരീക്ഷകന്‍ പുഷ്പീന്ദര്‍ സിംഗ് പൂനിയ പറഞ്ഞു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍, ചെലവ് നിരീക്ഷകര്‍, മറ്റ് വകുപ്പ് പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു നിര്‍ദേശം.

തെരഞ്ഞെടുപ്പില്‍ പണത്തിന് വലിയ പങ്ക് വഹിക്കാന്‍ സാധിക്കും. സ്ഥാനാര്‍ഥികളുടെ സാമ്പത്തിക ശേഷി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കരുത്. എല്ലാ സ്ഥാനാര്‍ഥികള്‍ക്കും തുല്യമായ അവസരം ഉറപ്പാക്കുക എന്നതാണ് ചെലവ് നിയന്ത്രണത്തിന്റെ ലക്ഷ്യം. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നുവെന്നും വോട്ടര്‍മാരുടെ സ്വതന്ത്രമായ തീരുമാനത്തെ ബാധിക്കുന്ന തരത്തില്‍ പണം നല്‍കി സ്വാധീനിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പുഷ്പീന്ദര്‍ സിംഗ് പൂനിയ നിര്‍ദേശം നല്‍കി.

ചെലവ് നിരീക്ഷകര്‍, പൊലീസ്, എക്‌സൈസ്, വനം, ആദായ നികുതി, കസ്റ്റംസ്, ഇന്‍കം ടാക്‌സ്, കോസ്റ്റല്‍ പൊലീസ്, നേവി, ബാങ്കിംഗ് ഏജന്‍സീസ് തുടങ്ങിയ വകുപ്പ് തലവന്മാര്‍ പങ്കെടുത്ത യോഗം ജില്ലയിലെ സ്ഥിതിഗതികളും തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിച്ച നടപടികളും വിലയിരുത്തി.

കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, ചെലവ് നിരീക്ഷകരായ മേഘ ഭാര്‍ഗ്ഗവ, ബീരേന്ദ്രകുമാര്‍, സുധന്‍ഷു ശേഖര്‍ ഗൗതം, റൂറല്‍ എസ് പി നവനീത് ശര്‍മ്മ, ഡിഎഫ്ഒ പി കാര്‍ത്തിക്, മറ്റ് വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
.