മലപ്പുറം:  നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിങ് ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് നല്‍കാത്ത  മുഴുവന്‍ സര്‍ക്കാര്‍, അര്‍ധ- സര്‍ക്കാര്‍, സ്‌കൂള്‍, പൊതുമേഖലാ സ്ഥാപന മേധാവികളും തങ്ങളുടെ ജീവനക്കാരുടെ വിവരങ്ങള്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ഇന്ന് (മാര്‍ച്ച് 16) വൈകീട്ട് മൂന്നിനകം നേരിട്ടെത്തി ഇ-സെക്ഷനില്‍   നിന്നും ലഭിക്കുന്ന പ്രോഫോര്‍മയില്‍  വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ലിസ്റ്റ് നല്‍കാത്ത മുഴുവന്‍ ഓഫീസ് മേധാവികള്‍ക്കുമെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. അതത് ജില്ലാതല വകുപ്പ് മേധാവികള്‍ തങ്ങളുടെ അധീനതയിലുള്ള എല്ലാ ഓഫീസിലേയും ഇലക്ഷന്‍ ഡ്യൂട്ടി ഒഴിവാക്കാന്‍ അര്‍ഹതയുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റ്  റിമാര്‍ക്സും ശുപാര്‍ശയും സഹിതം 18 ന് വൈകീട്ട് മൂന്നിനകം കലക്ടറേറ്റിലെ ഇ സെക്ഷനില്‍ നേരിട്ടെത്തിക്കണം.

പരിശീലനത്തിന് നിര്‍ദേശിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരും അതതു പരിശീലന കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്തണം. പ്രത്യേകാനുമതി  ലഭിച്ച 12 മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള മുലയൂട്ടുന്ന അമ്മമാര്‍, ആറ് മാസത്തിന് മേലെയുള്ള ഗര്‍ഭിണികള്‍, വ്യക്തമായ ആരോഗ്യകാരണങ്ങളാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചു ഇളവ് ലഭിച്ചവര്‍, പ്രത്യേക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍  ഒഴിവാക്കിയ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്കു മാത്രമേ അപേക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഇളവുണ്ടായിരിക്കുകയുള്ളൂ. എന്നാല്‍ ഇവര്‍ നിര്‍ബന്ധമായും ട്രെയിനിങ് ക്ലാസില്‍ പങ്കെടുക്കണം. രേഖാമൂലം ഒഴിവാക്കിയാല്‍ മാത്രമേ ട്രൈനിങ്ങില്‍ നിന്ന് ഒഴിവാക്കുകയുള്ളൂ. പ്രഥമ അധ്യാപകര്‍ക്കോ മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കോ പ്രത്യേക ഇളവുകള്‍ ഇല്ല.   കാരണങ്ങള്‍ ഇല്ലാതെയും തെറ്റായ വിവരങ്ങള്‍ നല്‍കിയും ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെകര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.